29 March Friday
19 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേനയെ രംഗത്തിറക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തിരുവനന്തപുരം> സംസ്ഥാനത്ത്‌ 19 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയെന്നും അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി.

9 പേര്‍ കണ്ണൂര്‍ ജില്ലയിലും, കാസര്‍കോട് മലപ്പുറം എന്നിടങ്ങളില്‍ 3പേര്‍ വീതവും തൃശൂരില്‍ 2, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളും രണ്ട് വിദേശികളുമാണ് ഇന്ന് ആശുപത്രി വിട്ടതെന്നും  മുഖ്യമന്ത്രി പറഞ്ഞു

 സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ വഴി, ആധാര്‍ പരിശോധിച്ച ശേഷം ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് ഇത് ലഭിക്കുക. നാളെ ക്ഷേമപെന്‍ഷന്‍ വിതരണം നടത്താനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. സന്നദ്ധ പ്രവര്‍ത്തകരുടെ സേനയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2,36,000 പേരടങ്ങുന്നതാണ് സന്നദ്ധ സേന. സന്നദ്ധം എന്ന വെബ്‌പോര്‍ട്ടല്‍ വഴി ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തില്‍ 200 പേരടങ്ങുന്ന സേനയെ വിന്യസിക്കും ഇതിനുള്ള രൂപരേഖ തയ്യാറാക്കി. ഇവര്‍ക്കെല്ലാം തിരിച്ചറിയാല്‍ കാര്‍ഡ് വിതരണം ചെയ്യും.

   പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. ആകെ 1,20003 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,0402 പേര്‍ വീടുകളിലും 602 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 136 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10,342 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 3768 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

 കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാന്‍ എല്ലാ സജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുപുറമെയുള്ള സാധ്യത പ്രയോജനപ്പെടുത്തും. 1465 യുവ വളന്റിയര്‍മാരെ ആശുപത്രിയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ സഹായിക്കാനായി കൂട്ടിരിക്കാന്‍ യുവജനകമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഒരു ദിവസംകൊണ്ടാണ് ഇത്രയും പേരെ കണ്ടെത്തിയത്. സന്നദ്ധ സേനയൊടൊപ്പം സംയോജിത പ്രവര്‍ത്തനം ഇവര്‍ നടത്തും. സന്നദ്ധം പോര്‍ട്ടല്‍ വഴിയാണ് ഇവരെ രജിസ്റ്റര്‍ ചെയ്യുക.

ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ കൊടുക്കാനാകണം. ഉയര്‍ന്ന പരാതികള്‍ ഗൗരവമായി തന്നെ കാണുന്നുണ്ട്. കൊറോണ പ്രതിരോധരംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാ സൗകര്യത്തിന് കെഎസ്ആര്‍ടിസി ഇടപെട്ടു. ഗതാഗത വകുപ്പും നടപടികള്‍ പ്രഖ്യാപിച്ചു.

മാര്‍ച്ച് 31 ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 രജിസ്‌ട്രേഷന്‍ കാലാവധി തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. പുതിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തന് എപ്രില്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന തീയതിക്ക് മുമ്പ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്ക് ബാധകമാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അവശ്യസാധനവുമായി വരുന്ന ചരക്ക് വാഹനങ്ങളെ പെര്‍മിറ്റ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കി. രാജ്യത്തിനുപുറത്തും മറ്റ് സംസ്ഥാനത്തുമുള്ള മലയാളികള്‍ ആശങ്ക അറിയിക്കുന്നു. ആരും ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ ഇറക്കിവിടുകയല്ല, അവര്‍ക്ക് ഉചിതമായ താമസ ഭക്ഷണ- വൈദ്യ സഹായമാണ് നാം ഒരുക്കേണ്ടത്. ഇക്കാര്യത്തില്‍ വേണ്ട പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 പൊലീസ് ചിലയിടങ്ങളില്‍ അതിരുവിടുന്നു എന്ന ആക്ഷേപം ഉണ്ടായി. ഇത്തരം രീതി സ്വീകരിച്ചാല്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അവമതിപ്പിനിടയാകും. അത്തരം നീക്കങ്ങള്‍ അതിനാല്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യരംഗത്തുള്ളവര്‍ സ്വന്തം സുരക്ഷ ശ്രദ്ധിക്കണം. ജനങ്ങള്‍ക്കിടയില്‍ ഇടപെടുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്.

 ഭക്ഷണവും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് തടസമുണ്ടാകരുത്. തുറന്ന് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍  ബേക്കറികളും ഉള്‍പ്പെടും. മരുന്നുകളുടെ മൊത്തവ്യാപാരകടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top