26 April Friday

ദുരന്തങ്ങളിൽ ഉലയാതെ കേരളം

വിജേഷ്‌ ചൂടൽUpdated: Sunday May 24, 2020

തിരുവനന്തപുരം
കടലിന്റെ കലിയിളക്കി തീരത്താകെ ദുരിതംവിതച്ച ഓഖി, കൊലയാളി വൈറസ്‌ നിപാ, സർവസംഹാര രൂപമാർന്ന പ്രളയം, താഴ്‌വരകളിൽ മരണം വിതച്ച മലകളുടെ രോഷം, ഇപ്പോഴിതാ ലോകമാകെ വിറപ്പിച്ച കോവിഡ്‌. സമാനതകളില്ലാത്ത ദുരന്തങ്ങളെ നേരിട്ടിട്ടും ഈ നാട്‌ ഇപ്പോഴും ചിരിക്കുന്നുണ്ട്‌. സ്വപ്‌നംകാണുന്നുണ്ട്‌.  
ഏറെ പ്രതീക്ഷകളും പദ്ധതികളുമായി അധികാരത്തിലേറിയ എൽഡിഎഫ്‌ സർക്കാർ കടുത്ത പ്രതിസന്ധികളെയാണ്‌ ഓരോവർഷവും നേരിട്ടത്‌.  1269 ഗ്രാമത്തെ പ്രളയം സാരമായി ബാധിച്ചു. 433 പേർ മരിച്ചു. പതിനഞ്ച്‌ ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു‌. പുനരധിവാസത്തിനുതന്നെ ആറായിരം കോടിയിലേറെ രൂപ ചെലവിടേണ്ടിവന്നു. 

2018 മേയിലാണ്‌ കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ നിപാ വൈറസ്‌‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 17 പേർ മരിച്ചു. എന്നാൽ, ശക്തമായ നടപടികളിലൂടെ വൈറസിനെ രണ്ട്‌ ജില്ലയിൽ മാത്രമായി തടഞ്ഞുനിർത്തി. ജൂൺ 30 ഓടെ നിപാവിമുക്തമായി പ്രഖ്യാപിക്കാനുമായി. കേരളത്തെയാകെ ശവപ്പറമ്പാക്കി മാറ്റിയേക്കാവുന്ന ദുരന്തങ്ങളെയാണ്  നിശ്ചയദാർഢ്യത്താൽ നാട്‌  ചെറുത്തുതോൽപ്പിച്ചത്‌. ആശങ്കകൾക്കു നടുവിൽ നിൽക്കുമ്പോഴല്ലാം  ഇതിനെയും നാം അതിജീവിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി നാടിനെ നയിച്ചു.

മരണത്തിന്റെ മലവെള്ളം പാഞ്ഞുകയറുന്നതുകണ്ട് മൂന്നരക്കോടി ജനങ്ങൾ ഉറങ്ങാതിരുന്ന രാത്രികൾ ഇതിനുമുമ്പ്‌ കേരളത്തിലുണ്ടായിട്ടില്ല. തോറ്റുപോകുമെന്ന്‌ ഉറപ്പിച്ച ദുരന്തമുഖങ്ങളിൽനിന്നാണ്‌ നവകേരള നിർമിതിയെക്കുറിച്ച്‌ ചിന്തിക്കാൻ സർക്കാർ ജനങ്ങളോട്‌ ആഹ്വാനംചെയ്‌തത്‌.
ദുരന്തങ്ങളിൽ പകച്ചുനിൽക്കാതെ, ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ സ്വയം എങ്ങനെ രക്ഷകരാകാമെന്ന് പ്രളയകേരളം ലോകത്തിന് കാട്ടിക്കൊടുത്തു. 

മരണവും അനിശ്ചിതത്വവുംമാത്രം മുന്നിൽക്കണ്ട പതിനായിരങ്ങളുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ തുഴയെറിഞ്ഞ്‌ പ്രളയജലത്തെ നെഞ്ചൂക്കുകൊണ്ട് നേരിട്ട മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമായി. സൈന്യം ജീവിതത്തിലേക്ക് പൊക്കിയെടുത്തതിന്റെ പതിന്മടങ്ങ് മനുഷ്യരെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷാതീരത്തേക്ക് തുഴഞ്ഞെത്തിച്ചത്.  സർക്കാർ സംവിധാനങ്ങളെയും ജനങ്ങളെയും ഒരുപോലെ അണിനിരത്തിയാണ്‌ ദുരന്തങ്ങളെ കേരളം ചെറുത്തുതോൽപ്പിച്ചത്‌.

സാമ്പത്തികമായ കടുത്ത പ്രതിസന്ധി സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും താളംതെറ്റിക്കുമെന്ന്‌‌ പോയവർഷങ്ങളിൽ പലവട്ടം ആശങ്ക ഉയർന്നു. എന്നാൽ, ഈ കോവിഡ്‌ കാലത്തും ക്ഷേമപെൻഷനും റേഷനുമടക്കം മുൻകൂറായി നൽകി സർക്കാർ ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. ജനങ്ങളും സർക്കാരിനൊപ്പം നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top