19 April Friday

എല്‍വിന്‍ ഇനി അമ്മയുടെ സ്നേഹച്ചൂടിലക്ക്; കുഞ്ഞിനെ പിരിയുന്ന വേദനയില്‍ ഡോ. മേരി അനിത

കെ പി അനില്‍Updated: Wednesday Jul 15, 2020

വൈറ്റില> എല്‍ദോസും ഷീനയും വൈറ്റില വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തുമ്പോള്‍ ഡോ. മേരി അനിതയുടെ കൈയിലിരുന്ന് പുഞ്ചിരിക്കുകയായിരുന്നു കുഞ്ഞ് എല്‍വിന്‍. അമ്മ കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടു ചാഞ്ഞു. ഈറന്‍ മിഴികളുമായി ഷീന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു. കൃതാര്‍ത്ഥയോടെ ഡോ. മേരി അനിതയും കുടുംബവും അത് നോക്കി നിന്നു.  കോവിഡ് മഹാമാരിയുടെ ഇരുള്‍ മായ്ച്ച്  മുനഷ്യത്വം പുഞ്ചിരിച്ച നിമിഷം.

ആറുമാസം മാത്രം പ്രായമുള്ള എല്‍വിന്‍ അമ്മയുടെ അടുത്ത് എത്തുന്നത് ഒരു മാസത്തിന് ശേഷമാണ്.  അച്ഛനും അമ്മയും  കോവിഡ് ബാധിതരായപ്പോള്‍  ഡോ.പി എ  മേരി അനിത ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വീഡിയോ കോളിലൂടെയാണ്  ഷീന സ്വന്തം കുഞ്ഞിനെ കണ്ടിരുന്നത് .
 
പെരുമ്പാവൂര്‍ ചെമ്പാട്ട് വീട്ടില്‍ സി എ എല്‍ദോസും ഭാര്യ ഷീനയും ഡല്‍ഹിയില്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. എല്‍ദോസിനാണ് ആദ്യം  കോവിഡ് - പിടിപ്പെട്ടത്.  എല്‍ദോസ് അവിടെ ചികിത്സയിലായപ്പോള്‍ എല്‍വിനുമായി 

ഷീന  നാട്ടിലേക്ക് പോന്നു.  ഷീനയ്ക്കും കോവിഡ് സ്ഥിതികരിച്ചതോടെ  കുഞ്ഞിനൊപ്പം  കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക്. കുഞ്ഞിനെ  രണ്ടു പ്രാവശ്യം കോവിഡ് പരിശോധനയ്ക്ക്  വിധേയമാക്കി. ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ്  കുഞ്ഞിന്റെ  സംരക്ഷണ ചുമതല ഒരു മാസത്തേക്ക് ആരെങ്കിലും ഏല്‍പ്പിക്കാന്‍ ഷീന ആലോചിച്ചത്.
 
ജില്ലാ ശിശുക്ഷേമ സമിതി വഴി വിവരം അറിഞ്ഞ ഡോ. മേരി അനിത സഹായഹസ്തം നീട്ടി. കുട്ടിയുമായി ഒരാഴ്ച ഡോ. മേരി അനിത മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. പിന്നീട് , വീട്ടിലെത്തി തൊട്ടടുത്ത ഫ്‌ളാറ്റ് വാടകയക്ക് എടുത്താണ് പരിപാലിച്ചത്.

'അവന്‍ ഞങ്ങള്‍ക്ക് ഉണ്ണിയാണ്. മക്കളായ നിംറോഡിനും, മനാസ്സെയ്ക്കും, മൗഷ്മിയ്ക്കും അവന്‍ ജീവനാണ്. അവനെ പിരിയുന്നതില്‍   സങ്കടമുണ്ട്. സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കാണല്ലോ പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷവും'--ഡോ. മേരി അനിതയുടെ ഭര്‍ത്താവ് അഡ്വ.സാബു തൊഴുപ്പാടന്‍ പറഞ്ഞു.

ഡോക്ടറുടെ നല്ല മനസിന് നൂറു നന്ദി പറഞ്ഞ് ഷീന എല്‍വിനുമായി കാറില്‍ കയറി.  അപ്രതീക്ഷിതമായി വീട്ടില്‍ പ്രകാശം പരത്തിയ  കുഞ്ഞതിഥി  പിരിഞ്ഞപ്പോള്‍,  ഡോക്ടറുടെ മക്കളായ  നിംറോഡും മാനസ്സെയും മൗഷ്മിയും  വിതുമ്പലടക്കാതെ നിന്നു.    സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ ഡി വിന്‍സന്റ്, വൈറ്റില ലോക്കല്‍ സെക്രട്ടറി പി ബി സുധീര്‍ എന്നിവരും വീട്ടിലെത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top