20 April Saturday

റിയാക്കത്തലിയുടെ പെരുന്നാള്‍ ജോർ...

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

സ്വന്തം ലേഖകൻ> വീട്ടിലെ പെരുന്നാൾ ആഘോഷം നഷ്ടപ്പെട്ടതിന്റെ സങ്കടമൊന്നും റിയാക്കത്തലിക്കില്ല. കുടുംബത്തോടൊപ്പം ജോറായി പെരുന്നാൾ ബിരിയാണി കഴിച്ചു. കൂട്ടിന്‌ കുറെ നല്ല മനുഷ്യരും. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ ഒരുക്കിയ കോവിഡ്‌ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌  സെന്ററിലായിരുന്നു റിയാക്കത്തലിയുടെയും കുടുംബത്തിന്റെയും ഇത്തവണത്തെ പെരുന്നാൾ.

റിയാക്കത്തലിയുൾപ്പെടെ കുടുംബത്തിലെ എട്ടുപേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഉമ്മ, വാപ്പ, ഭാര്യ, മൂന്നു മക്കൾ, സഹോദരന്റെ ഭാര്യ എന്നിവർക്കാണ്‌ രോഗം‌‌. വാപ്പയ്‌ക്ക്‌ 60 വയസ്സായതിനാൽ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. മറ്റെല്ലാവരും ഒന്നിച്ച്‌. ‘40 പേരാണ്‌ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ ഉള്ളത്‌. എല്ലാവരും ഒരു കുടുംബംപോലെ‌. നാടൻപാട്ടും മാപ്പിളപ്പാട്ടുമായി ആഘോഷത്തിന്റെ കോവിഡ്‌ ദിനങ്ങളിലാണ്‌ ഞങ്ങൾ. എട്ടു ദിവസമായി വീട്‌ വിട്ടിട്ടും വിരസതയില്ല. കുട്ടികളും ഹാപ്പി‌’–- പട്ടാമ്പി മുതുതല കൊടുമുണ്ട സ്വദേശി  റിയാക്കത്തലി പറഞ്ഞു.

ആശുപത്രിയിൽ ലഭിക്കുന്ന സേവനം‌ ആരോഗ്യപ്രവർത്തകർ നൽകുന്നു‌. നാല്‌ ഡോക്ടർമാരും നേഴ്‌സുമാരും ശുചീകരണത്തൊഴിലാളികളും ഉൾപ്പെടെ മറ്റ്‌15 പേരും‌. കൃത്യമായ ഇടവേളയിൽ പരിശോധനയുണ്ട്‌. ബിപിയും പൾസും ശരീര ഊഷ്‌മാവുമെല്ലാം പരിശോധിക്കും. ആരോഗ്യപ്രവർത്തകരുടെ സ്‌നേഹംനിറഞ്ഞ വാക്കുകൾ പകരുന്ന ആശ്വാസം ചെറുതല്ല. മൂന്നുനേരത്തെ ഭക്ഷണത്തിനു പുറമെ രണ്ടുനേരം ചായയും പലഹാരവുമുണ്ട്‌. ഇടയ്‌ക്ക്‌ പഴങ്ങളും എത്തിക്കും. എല്ലാം വൃത്തിയോടെ വിതരണം ചെയ്യുന്നു‌. പെരുന്നാളിന്‌ എല്ലാവർക്കും ചിക്കൻ ബിരിയാണിയും പാലട പായസവും.

സർക്കാരിന്റെ കടുത്ത വിമർശകരായ പലരും ഇവിടെയെത്തി മനംമാറുന്നത്‌ കണ്ടു. ഹാവൽസ്‌ കമ്പനിയിൽ മാർക്കറ്റിങ് മാനേജർ കൂടിയായ റിയാക്കത്തലി പറഞ്ഞു.ഞായറാഴ്‌ചയിലെ പരിശോധനയിൽ നെഗറ്റീവായാൽ വീട്ടിൽ പോകുമെന്ന്‌ റിയാക്കത്തലി പറയുമ്പോൾ അഞ്ചു വയസ്സായ മകളുടെ വാക്കുകൾ,  ‘‘ നിങ്ങളെല്ലാരും വീട്ടിൽ പോയ്‌ക്കാ... ഞാൻ കുറച്ചുദിവസംകൂടി ഇവിടെ നിൽക്കട്ടെ’’. ഈ വാക്കിലുണ്ട്‌ ചികിത്സാകേന്ദ്രത്തിലെ കരുതൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top