26 April Friday

കൊച്ചുകൊച്ചു സന്തോഷങ്ങൾ

ജസ്‌ന ജയരാജ്‌Updated: Tuesday Mar 24, 2020

കണ്ണൂർ
‘ഒന്നരവർഷത്തിനുശേഷമാണ്‌ വീണ്ടും ഞാൻ വരയ്‌ക്കാൻ തുടങ്ങിയത്‌. അൽപ്പം ഫ്രീയായി വീട്ടിലിരുന്നപ്പോ എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷമാണിത്‌’. കൊറോണ മുൻകരുതലിന്റെ ഭാഗമായി വീട്ടിലിരുന്ന്‌ (വർക്ക്‌ അറ്റ്‌ ഹോം) ജോലിചെയ്യുന്ന ഐടി ജീവനക്കാരൻ മധു കുന്നോത്ത്‌ പറയുന്നു.
‘ഐടി ജോലിയുടെ തിരക്കുകളിൽപ്പെട്ടതിനാൽ വരയ്‌ക്കാൻ സമയം കിട്ടാറേയില്ലായിരുന്നു. കമ്പനി ഉടമകൂടിയായതിനാൽ ഇരട്ടിയാണ്‌ സമ്മർദം. ഐടി കമ്പനികളിൽ ഭൂരിഭാഗവും വിദേശ കമ്പനികളുടെ ഔട്ട്‌സോഴ്‌സിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ ലോകം നേരിടുന്ന അരക്ഷിതാവസ്ഥ ഞങ്ങളുടെ ജോലിയിലും കാണാനുണ്ട്‌. എപ്പോഴും സമ്മർദങ്ങളിൽ കലങ്ങിമറിയുന്ന ഐടി ജോലി വീട്ടിലിരുന്ന്‌ അൽപ്പം സ്വസ്ഥമായി ചെയ്യാനുള്ള അവസരമായാണ്‌ എല്ലാവരും ഈ സമയത്തെ കാണുന്നത്‌.

20 വർഷത്തെ ഐടി ജീവിതത്തിനിടെ ഇത്രയും ദിവസം കുടുംബത്തോടൊപ്പം കഴിയാൻ സാധിച്ചിട്ടില്ല. വീട്ടിലാണെങ്കിൽ കുട്ടികൾ ഭയങ്കര സന്തോഷത്തിലാണ്‌. പുറത്തെങ്ങും പോകാൻ പറ്റാത്തതിനാൽ വരയും കുടുംബത്തിലെ സന്തോഷങ്ങളുമായി കഴിയുകയാണ്‌. വീട്ടിൽ കാലങ്ങളായുള്ള കൃഷിയിൽ നേരിട്ട്‌ ഇടപെടാനൊക്കെ സമയം കിട്ടുന്നുവെന്നതും സന്തോഷം’–- മധു പറഞ്ഞു. ഭാര്യ സവിനയ്‌ക്കും മക്കളായ നന്ദകിഷോറിനും അദിതിക്കുമൊപ്പം അഞ്ചരക്കണ്ടിയിലാണ്‌ താമസം. ആശുപത്രികളുടെ സോഫ്‌റ്റ്‌വെയർ നിർമിക്കുന്ന കമ്പനിയുടെ ഉടമയെന്ന നിലയിലുള്ള ആശങ്കകളും മധു പങ്കുവച്ചു. ജോലിയുടെ ഭാഗമായി രണ്ടു മാസത്തിൽ പത്തു ദിവസമെങ്കിലും വിദേശയാത്ര നടത്തുന്നയാളാണ്‌.

മാർച്ച്‌ മാസമായതിനാൽ ഇടപാടുകാരിൽനിന്ന്‌ പണം വരേണ്ടതാണ്‌. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ ആശുപത്രികളുടെ വരുമാനം കുറഞ്ഞതും പ്രതിസന്ധിയായി. എങ്കിലും കൈ കഴുകുന്നതിലും വ്യക്തിശുചിത്വം പാലിക്കുന്നതിലും സമൂഹത്തിന്‌ കൈവന്ന ജാഗ്രതയിൽ സന്തോഷമുണ്ട്‌. ‘കൊറോണയെ നേരിടാൻ സർക്കാരും നാടും ഒത്തൊരുമിച്ചു നീങ്ങുമ്പോൾ അലസത പാടില്ല... നമ്മളും ഒരുമിച്ചുനിന്ന്‌ ചങ്ങല പൊട്ടിക്കണം...’ –- മധു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top