28 March Thursday
ബിജെപിയുമായി കോൺഗ്രസിന്‌ വഴിവിട്ട ബന്ധം

തൃശൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. എം കെ മുകുന്ദന്‍ കോൺഗ്രസിൽനിന്ന്‌ രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 6, 2020

തൃശൂര്‍> യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. എം കെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു.  കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചു. സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപിയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്ന കോണ്‍ഗ്രസ് നടപടിയിലും നഗരവികസനം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് രാജി.  

കോണ്‍ഗ്രസിലെ മുന്‍മേയര്‍മാരുടെ അഴിമതിയെയും സ്വജനപക്ഷപാതത്തേയും താന്‍ ചോദ്യംചെയ്തിരുന്നു. ഇപ്പോള്‍ കോര്‍പറേഷനില്‍ നടക്കുന്ന വികസനപ്രവൃത്തനങ്ങളെ തടസപ്പെടുത്തുന്നതും കൗണ്‍സിലില്‍നിന്ന് വിട്ടുനില്‍ക്കുന്നതും  എതിര്‍ത്തു. ഇതോടെ ഇല്ലാത്ത ധാരണയുടെ പേരില്‍ പാര്‍ലിമെന്ററി പാര്‍ടി സ്ഥാനത്തുനിന്നും തന്നെ നീക്കി.  ഡിസിസി പ്രസിഡന്റായിരുന്ന ടി എന്‍ പ്രതാപന്‍എംപിയും പത്മജ വേണുഗോപാലും ചേര്‍ന്ന്  കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചാണ് തന്നെ നീക്കിയത്. നാലുതവണ കൗണ്‍സിലറായി വിജയിച്ച തന്നെ അപമാനിക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിൽ ബിജെപിക്ക് ആറ് സീറ്റ് നേടാനായത്  ദുര്‍ബല സ്ഥാനാര്‍ഥികളെ  നിർത്തി  കോണ്‍ഗ്രസ് ഒത്തുകളിച്ചതിനാനാലാണ്. പിന്നീട്  ബിജെപിയുമായി ചേര്‍ന്ന് ഭരണംകൈക്കലാക്കാനും നീക്കം നടത്തി.   പൈതൃക സമരം  നടത്തിയതും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണ്.  
കോര്‍പറേഷനില്‍ കഴിഞ്ഞ 15 വര്‍ഷം നടന്നതിന്റെ നാലിരട്ടി വികസനം എല്‍ഡിഎഫ് ഭരണത്തില്‍  പൂര്‍ത്തിയായെന്നത് വസ്തുതയാണ്.

വടക്കേ ബസ്ബേ, ദിവാന്‍ജി മൂല മേല്‍പ്പാലം,  പട്ടാളം റോഡ് വികസനം, ആധുനീക ടാഗോള്‍ സെന്ററിനറി ഹാള്‍ നിര്‍മാണം എന്നി വന്‍ വികസനമാണ് നടന്നത്. 58 വര്‍ഷമായി പുതുതായി നഗരത്തിലേക്ക് ഒരു ലിറ്റര്‍ വെള്ളം കൊണ്ടുവരാന്‍ ശ്രമം നടന്നിട്ടില്ല. ഇപ്പോള്‍ 200 ലക്ഷംലിറ്റര്‍ വെള്ളം കൊണ്ടുവരുന്നതിനായി പിച്ചിയില്‍ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചു. ഇത്തരം വികസനപ്രവൃത്തികളെയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു.   ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചാണ്   കോണ്‍ഗ്രസ് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി കെ ഷാജന്‍, ജില്ലാകമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തി, തൃശൂര്‍ ഏരിയാസെക്രട്ടറി  കെ രവീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top