20 September Sunday

VIDEO - കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പങ്ക്; അക്കമിട്ട് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

തിരുവനന്തപുരം > സർക്കാർ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഇക്കാര്യത്തിൽ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജമേകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എന്ത് പങ്കാണ് ഉള്ളത് എന്ന ചോദ്യത്തിന് കോവിഡ് പ്രതിരോധത്തിൻറെ നാൾവഴികൾ പരിശാധിച്ചാൽ അതിനുള്ള ഉത്തരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 30നാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ചൈനയിൽ ഒരു പ്രത്യേകതരം സാർസ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവർത്തന രൂപരേഖയും നിർദേശങ്ങളും തയ്യാറാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളിലായി ആദ്യ ഘട്ടത്തിൽ 3 കേസുകളാണ് ഉണ്ടായത്. ആ 3 കേസുകളിൽ ആദ്യ ഘട്ടം ഒതുങ്ങുകയും ചെയ്തു. ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽ പടർന്നുപിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യഘട്ടം അതിജീവിച്ചത്. മാർച്ച് 8ന് വിദേശത്തുനിന്നും എത്തിയവരിൽ നിന്ന് രോഗമുണ്ടായതോടെ കേരളത്തിൽ രണ്ടാം ഘട്ടം ആരംഭിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തിൽ മാർച്ച് 24ന് കേരളത്തിൽ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയാണ് ചെയ്തത്. രണ്ടാം ഘട്ടം പിന്നിടുമ്പോൾ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്. അതിൽ 165 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡിൻറെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിർത്തി വഴിയും എയർപോർട്ട്, സീപോർട്ട് വഴിയും ആളുകൾ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേർ വന്നിട്ടുണ്ട്. അതിൽ 4,19,943 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും 2,62,756 പേർ വിദേശ രാജ്യങ്ങളിൽനിന്നുമാണ്.

മൂന്നാംഘട്ടത്തിൽ ജൂലൈ 29 വരെ 21,298 പേർക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേർ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 12,199 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാൽ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനിൽക്കുന്നത്.

ഈ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരുന്നത്. ആരോഗ്യമേഖലയെ മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ ഇടപടലുകൾ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെയാണ് നിയമിച്ചത്.

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാക്കി. 273 തസ്തികകൾ സൃഷ്ടിച്ചു. 980 ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനുപുറമെ 6700 താൽക്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെത്തട്ടിൽവരെ നമ്മുടെ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നുലക്ഷ്യം.

കോവിഡ് പ്രതിരോധത്തിനു മാത്രമായി ആയിരത്തോളം ആംബുലൻസുകൾ സജ്ജമാക്കി. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വിവിധ മേഖലകളിൽ പ്രവർത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റുകയും സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു. 105ഉം 93ഉം വയസ്സുള്ള പ്രായമേറിയ രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. വാർഡുതല സമിതികൾ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻറെ കരുത്താകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരാൾ പോലും പട്ടിണി കിടക്കരുത്. ഒരു ജീവിപോലും നമ്മുടെ കരുതലിന് പുറത്തായികൂടാ എന്നതാണ് ലോക്ഡൗൺ ഘട്ടമായാലും അൺലോക്ക് ഘട്ടമായാലും സർക്കാരിൻറെ നിലപാട്. ലോക്ഡൗൺ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആസാഹചര്യത്തെ മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.

ക്ഷേമപെൻഷൻ കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങൾക്ക് ധനസഹായം വേറെയും നൽകി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതിൽ 1,84,474 പേർക്കായി 1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യജ്ഞന കിറ്റുകളും സൗജന്യമായി നൽകി. അങ്കൻവാടികളിൽ നിന്നും നൽകുന്ന പോഷകാഹാരം കുട്ടികൾക്ക് വീടുകളിൽ എത്തിച്ചു നൽകി. 26 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ഡൗൺ ഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ജനകീയ ഭക്ഷണശാലകൾ ആരംഭിച്ചു.

ജനങ്ങൾക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറികിട വ്യവസായം, സർക്കാർ കെട്ടിടങ്ങളിൽ വാടകയ്ക്കുള്ള വ്യാപാരികൾ ഇങ്ങനെയുള്ളവർക്കെല്ലാം ആവശ്യമായ ഇളവകുൾ ഈ ഘട്ടങ്ങളിൽ നൽകി. ഇത്തരം ഇടപെടലുകൾ അൺലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാർഷിക മേഖലയിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴിൽ മേഖലയിലും ഉൽപാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാർഷിക മേഖലയിൽ വലിയ ഉണർവ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.

രണ്ടുമാസത്തെ ക്ഷേമപെൻഷനും സാമൂഹ്യസുരക്ഷാ പെൻഷനും ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി സൗജന്യ ഭക്ഷണകിറ്റ് നൽകുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് നാം പിന്നിടുന്നത്. കോവിഡിനോടൊപ്പം തന്നെ ഇനിയും നാം സഞ്ചരിക്കേണ്ടിവരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top