20 April Saturday

സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Monday Nov 14, 2022


പാലക്കാട്‌
സഹകരണ മേഖലയിലെ വലിയ നിക്ഷേപം കോർപറേറ്റുകൾക്കും ചില തൽപ്പരകക്ഷികൾക്കും കൈമാറാനുള്ള നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖലയ്‌ക്ക്‌ ദോഷകരമായി ബാധിക്കുന്ന ഉത്തരവുകളും സർക്കുലറുകളും കേന്ദ്രസർക്കാർ   ഇറക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌ –- അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാന തല    ഉദ്‌ഘാടനം നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

ബാങ്കിങ്‌ റഗുലേഷൻ ആക്ട്‌ ഭേദഗതി സഹകരണ മേഖലയ്‌ക്ക്‌ വെല്ലുവിളിയാണ്‌. 56–--ാം വകുപ്പിലെ ഭേദഗതിമൂലം റിസർവ്‌ ബാങ്ക്‌ വാണിജ്യബാങ്കുകൾക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണം സഹകരണ ബാങ്കുകൾക്കും ബാധകമാക്കി. ബാങ്ക്‌, ബാങ്കർ, ബാങ്കിങ്‌ ഈ വാക്കുകൾ സംസ്ഥാന ബാങ്ക്‌, അർബൻ ബാങ്ക്‌ എന്നിവമാത്രം ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്‌തു. സഹകരണ ബാങ്കുകളെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തിയതും തിരിച്ചടിയായി. പതിനായിരക്കണക്കിന്‌ അംഗങ്ങളുള്ള സഹകരണ ബാങ്കിനെ വ്യക്തിയായി കണക്കാക്കി തുക പിൻവലിക്കുന്നതിന്‌ നികുതി ഏർപ്പെടുത്തി. ഇത്‌ സ്ഥാപനങ്ങളെ നന്നാക്കാനല്ല, തകർക്കാനാണ്‌.

 4,147 വായ്‌പാസംഘങ്ങളുടെ ആകെ നിക്ഷേപം രണ്ടര ലക്ഷം കോടിയാണ്‌. 1.86 ലക്ഷം കോടി രൂപ വായ്‌പ നൽകി. 1,644 പ്രൈമറി സംഘങ്ങളുടെ നിക്ഷേപം 1.28 ലക്ഷം കോടിയാണ്‌. ഇത്രയും വലിയ നിക്ഷേപം കോർപറേറ്റുകളുടെ കൈകളിലെത്തിക്കാനാണ്‌ നീക്കം. ധനികർക്ക്‌ കൂടുതൽ വായ്‌പ നൽകാൻ അവർ മോഹിക്കുന്നു. ഇത്തരം വായ്‌പകളുടെ അവസ്ഥ എന്താണെന്ന്‌ എല്ലാവർക്കുമറിയാം. 12 ലക്ഷം കോടിരൂപയാണ്‌ കിട്ടാക്കടം എഴുതിത്തള്ളിയത്‌. നോട്ടുനിരോധം മറയാക്കി സഹകരണ മേഖലയെ തകർക്കാർ ശ്രമിച്ചു. അതിനെയും നാം അതിജീവിച്ചു. സഹകരണ മേഖലയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്‌ എന്ന സുപ്രീം കോടതി വിധി ഇത്തരക്കാർക്ക്‌ വലിയ തിരിച്ചടിയാണ്‌.

സഹകരണ മേഖലയെ തകർക്കാൻ സംഘടിത നീക്കം നടക്കുന്നു. ചെറിയ പോരായ്‌മകൾ പെരുപ്പിച്ചുകാണിച്ച്‌ നിക്ഷേപകരെ അകറ്റാനാണ്‌ നീക്കം.
എന്നാൽ അതിനെയും നമ്മൾ അതിജീവിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിൽ 6,000 കോടി ലക്ഷ്യമിട്ടുവെങ്കിൽ 9,967 കോടിയാണ്‌ ലഭിച്ചത്‌. സഹകരണ മേഖലയുടെ വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടുന്ന നടപടി ഒറ്റപ്പെട്ടതാണെങ്കിലും ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top