03 December Sunday
56 ഭേദഗതികൾ വരുത്തി , നിയമമായത് വിശദചർച്ചകൾക്കുശേഷം

സഹകരണ നിയമം നട്ടെല്ല്‌ ; സുതാര്യത 
ഉറപ്പാക്കിയത്‌ കേരളം , ക്രമക്കേട്‌ ഒഴിവാക്കാൻ സമഗ്രമായ മാറ്റം

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Monday Sep 25, 2023


തിരുവനന്തപുരം
സഹകരണ മേഖലയുടെ വിശ്വാസ്യതയും നിലനിൽപ്പും ഉറപ്പാക്കാൻ ശക്തമായ നിയമമുള്ള ഏക സംസ്ഥാനം കേരളം. 50 വർഷം പിന്നിട്ട കേരള സഹകരണനിയമം ഭേദഗതി ചെയ്‌തതിലൂടെയാണ്‌ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സുതാര്യമായ സഹകരണമേഖലയുള്ള നാടായി കേരളം മാറിയത്‌. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ്‌ 1969ലെ നിയമം ഭേദഗതി ചെയ്‌തത്‌.

സമഗ്രമായ മാറ്റം കൊണ്ടുവന്ന്‌ ക്രമക്കേട്‌ ഒഴിവാക്കാൻ കേരള സഹകരണസംഘം സമഗ്ര ഭേദഗതി ബിൽ കഴിഞ്ഞ ഡിസംബറിലാണ്‌ സഹകരണമന്ത്രി വി എൻ വാസവൻ  സഭയിൽ അവതരിപ്പിച്ചത്‌. തുടർന്ന്‌ സെലക്ട് കമ്മിറ്റി 14 ജില്ലകളിലെയും സഹകാരികളുടെയും പൊതുജനത്തിന്റെയും നിർദേശം ശേഖരിച്ചു. സഹകരണ ജീവനക്കാർ, അപക്‌സ്‌ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പ്രമുഖ സഹകാരികൾ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവരുടെ അഭിപ്രായവും സ്വരൂപിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളിലെ വ്യവസ്ഥയും പരിശോധിച്ചു. മഹാരാഷ്ട്രയുടെ നിയമം സംബന്ധിച്ചും സഹകരണ മേഖലയുടെ പ്രവർത്തനം സംബന്ധിച്ചും നേരിട്ട് മനസിലാക്കി. ലഭിച്ച നിർദേശം ഉൾപ്പെടുത്തി 56 ഭേദഗതികൾ വരുത്തി. സഹകരണ മന്ത്രി ചെയർമാനും 14 ഭരണ, പ്രതിപക്ഷ എംഎൽഎമാർ അംഗങ്ങളുമായ സെലക്ട് കമ്മിറ്റി 15 തവണ സിറ്റിങ്‌ നടത്തി ഭേദഗതിയിലെ ഓരോ വ്യവസ്ഥയും വിശദമായി ചർച്ച ചെയ്‌തശേഷമാണ്‌ അന്തിമ രൂപം നൽകിയത്.

വായ്‌പാ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ കാലാവധി തുടർച്ചയായി മൂന്നുതവണമാത്രം എന്ന്‌ വ്യവസ്ഥ ചെയ്‌തതാണ്‌ സുപ്രധാന ഭേദഗതി. പ്രാഥമിക വായ്‌പാ സംഘം, മറ്റ് വായ്‌പാ സംഘം, പ്രാഥമിക സംഘം എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റം, യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ,  ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘം രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവയും നിയമത്തിലുണ്ട്‌. സംഘങ്ങളിലെ ജൂനിയർ ക്ലർക്കിന് മുകളിലുള്ള എല്ലാ നിയമനങ്ങളും പരീക്ഷാ ബോർഡിന് കൈമാറും. ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനമായി ഉയർത്തിയതും പ്രധാന ഭേദഗതിയാണ്‌. ഒരു സംഘത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്‌ അതേസംഘത്തിലുള്ള  ബാധ്യത പൊതുയോഗത്തിൽ അവതരിപ്പിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top