25 April Thursday

കണ്ടെയ്‌ൻമെന്റ്‌ സോണുകൾ ഇനി വാർഡ്‌ തലത്തിലല്ല, പ്രദേശത്തെ അടിസ്ഥാനമാക്കി; ചുമതല പൊലീസിന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

തിരുവനന്തപുരം > കണ്ടെയ്ന്‍‍മെന്റ് സോണുകളുടെ പൂര്‍ണചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റീനില്‍ ലംഘനം പൂര്‍ണമായി ഒഴിവാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ആളകലം ഉറപ്പാക്കാനും പൊലീസ് നിരീക്ഷണം ഉണ്ടാകും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണസംഘങ്ങളെ നിയോഗിക്കും. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനകം സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തണം.

അതേസമയം, കണ്ടെയ്‍ന്‍‍മെന്റ് സോൺ നിശ്ചയിക്കുന്നതിൽ മാറ്റംവരുത്തി. പ്രൈമറി, സെക്കന്‍ഡ‍റി കോണ്‍ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്ന്‍‍മെന്റ് സോണാകും. കണ്ടെയ്ന്‍‍മെന്റ് സോണുകളിലേക്കും പുറത്തേക്കും പോകാന്‍ അനുവദിക്കില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നെഗറ്റിവ് ആയാല്‍ മാത്രമേ കണ്ടെയ്‍മെന്റ് സോണ്‍ അല്ലാതാകൂവെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ഇതില്‍ മാറ്റം വരികയാണെന്നും ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്‌ൻമെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി. 

പോസിറ്റീവ് ആയ ആളുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലയാക്കും. വാര്‍ഡിന് പകരം വാര്‍ഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍.കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ സോണ്‍ പ്രഖ്യാപിക്കും.

മാറ്റം വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കില്ല. ആളുകൾ താമസിക്കുന്ന പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുക. ഇവിടെ കര്‍ക്കശമായി പാലിക്കപ്പെടുന്ന വ്യവസ്ഥകള്‍ ഉണ്ടാകും.  കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്ക് പുറത്തേക്കോ, പുറത്തുള്ളവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിലേക്കോ പ്രവേശിക്കാന്‍ അനുവാദം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top