26 April Friday

ഗൂഢാലോചന കേസ്‌: സംവിധായകരായ റാഫിയെയും അരുൺ ഗോപിയെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകരായ റാഫിയെയും അരുൺ ഗോപിയെയും വിളിച്ചുവരുത്തി അന്വേഷണ സംഘം വിവരങ്ങള്‍ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരിൽ നിന്നും മൊഴിയെടുത്തത്. ഇതിന്‌ പുറമേ ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള സിനിമ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും മൂന്ന്‌ ജീവനക്കാരേയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെയും മറ്റും വിവരങ്ങൾ റാഫിയിൽ നിന്നും ശേഖരിച്ചതായാണ്‌ സൂചന. ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയ്‌ക്ക്‌ റാഫിയാണ്‌ കഥയും തിരക്കഥ തയ്യാറാക്കിയത്‌.

ദിലീപുമായി ബന്ധപ്പെട്ട സിനിമയില്‍നിന്ന് പിന്‍മാറിയെന്ന്‌ തന്നെ വിളിച്ച് അറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്ന് റാഫി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. ഒരു വർഷം മുമ്പാണ്‌ ഇക്കാര്യം പറഞ്ഞതെന്നും അതിന്റെ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും റാഫി പറഞ്ഞു. ബാലചന്ദ്രകുമാർ സിനിമയുടെ തിരക്കഥ തനിക്ക് നോക്കാൻ നൽകിയിരുന്നു. ബാലചന്ദ്രകുമാറിന് സിനിമ വൈകുന്നതിൽ മനഃപ്രയാസം ഉണ്ടായി. വൈരാഗ്യമുണ്ടായതായി തോന്നിയിട്ടില്ല.

കാർണിവൽ എന്ന കമ്പനിയാണ് സിനിമ നിർമിക്കാനിരുന്നത്. അവർ തന്നെ നിർമിക്കുന്ന വേറൊരു സിനിമ കൂടിയുണ്ട്. അതിന്റെ തിരക്കഥ ആദ്യം എഴുതാൻ പറഞ്ഞു. അത് മുഴുവൻ ഗ്രാഫിക്‌സ് വച്ചുള്ള സിനിമയായതിനാൽ അതിനായി ഒരു വർഷത്തോളം പ്രീപ്രെഡക്ഷനു വേണം. അതിനാലാണ് ദിലീപിനെ വച്ചുള്ള ‘പിക് പോകറ്റ്’ എന്ന പ്രോജക്‌ട് മാറ്റിവച്ചിട്ട് അതെഴുതാൻ തുടങ്ങിയത്‌. ഈ ചിത്രത്തിൽ നെഗറ്റീവ്‌ കഥാപാത്രമാണ്‌ ദിലീപിന്‌ ചെയ്യാനുണ്ടായിരുന്നത്‌. അതിൽ ദിലീപ്‌ ബുദ്ധിമുട്ട്‌ പറഞ്ഞിരുന്നില്ലെന്നും രസകരമായ കഥയാണിതെന്നും റാഫി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top