27 April Saturday

സായ്‌ ശങ്കർ നശിപ്പിച്ചത്‌ ദിലീപിന്റെ രണ്ടു ഫോണുകളിലെ വിവരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

കൊച്ചി> സായ്‌ ശങ്കർ നശിപ്പിച്ചത്‌ ദിലീപിന്റെ രണ്ടു ഫോണുകളിലെ വിവരങ്ങൾ. നശിപ്പിച്ച വിവരങ്ങളിൽ ചിലത്‌ സായ്‌ ശങ്കർ പൊലീസിന്‌ കൈമാറിയതായാണ്‌ സൂചന. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇത്‌ നിർണായക തെളിവാകും. ദിലീപിന്റെ ഐ ഫോൺ 13 പ്രോ, ഐ ഫോൺ 12 പ്രോ മാക്‌സ്‌ എന്നീ ഫോണുകളിലെ വിവരങ്ങളാണ്‌ നശിപ്പിച്ചത്‌. എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ സായ്‌ ശങ്കറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.  

വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത്‌ കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിൽവച്ചാണെന്നുമാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തൽ. 12 നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്‌ധൻ സായ്‌ ശങ്കർ എറണാകുളം സിജെഎം കോടതിയിൽ ഹാജരായി. ക്രിമിനൽ നടപടിചട്ടമനുസരിച്ച് മാപ്പുസാക്ഷിയാകാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് കോടതിയിൽ ഹാജരായത്. കേസിൽ ഏഴാംപ്രതിയാണ്‌ സായ്‌ ശങ്കർ. താൻ മാപ്പുസാക്ഷിയായെന്ന അയാളുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തെ വകവരുത്താൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ ഫോണിൽനിന്ന് തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചുവെന്നതാണ്‌ സായ്‌ ശങ്കറിനെതിരെയുള്ള കേസ്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മുപ്പതിനകം പൂർത്തിയാക്കാനാണ്‌ കോടതി നിർദേശിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽപേരുടെ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്‌ ക്രൈംബ്രാഞ്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top