26 April Friday

ഗൂഢാലോചന കേസ്‌: ദിലീപ്‌ ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തി; ചോദ്യം ചെയ്യൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിൽ നടൻ ദിലീപ്‌ ചോദ്യം ചെയ്യലിന്‌ ഹാജരായപ്പോൾ. ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്‌ ചോദ്യം ചെയ്യലിന്‌ ഹാജരായി. രാവിലെ 8.55ന്‌ കളമശേരിയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിലാണ്‌ ദിലീപ്‌ ഹാജരായത്‌. കേസിലെ മറ്റ്‌ പ്രതികളും ക്രൈംബ്രാഞ്ച്‌ ഓഫീസിൽ എത്തിയിട്ടുണ്ട്‌. ചോദ്യം ചെയ്യൽ ആരംഭിച്ചു.

കേസിൽ മുൻകൂർ ജ്യാമാപേക്ഷ സമർപ്പിച്ച പ്രതികളോട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ഹൈക്കോടതി ശനിയാഴ്‌ചയാണ്‌ നിർദേശിച്ചത്‌. കേസിലെ 5 പ്രതികളും ഞായർ മുതൽ ചൊവ്വ വരെ രാവിലെ 9 മുതൽ രാത്രി 8 വരെ ചോദ്യം ചെയ്യലിന് വിധേയമാവണമെന്നായിരുന്നു നിർദേശം.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കുറ്റകൃത്യം സംബന്ധിച്ച്‌ ലഭിച്ച തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി എ ഷാജിയുടെ വാദം കണക്കിലെടുത്തായിരുന്നു കോടതി നടപടി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലല്ലാതെ മറ്റാരു തെളിവും പ്രതികൾക്കെതിരെയില്ലെന്ന് ബോധിപ്പിച്ച് സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ്‌ നടത്തി പരിഗണിച്ചത്. ആരോപണങ്ങൾ അതീവ ഗുരുതരമാണന്നും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച രാവിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നത് തടയണമെന്ന പ്രതികളൂടെ ആവശ്യം കോടതി നിരസിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പോലീസ് പീഡനം പാടില്ലന്ന് നിർദേശിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിർദേശം നൽകാൻ കോടതി വിസമ്മതിച്ചു. എങ്ങനെയാവണം ചോദ്യം ചെയ്യൽ എന്ന് നിർദേശിക്കാനാവില്ലന്ന് കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top