18 September Thursday

തൃക്കാക്കരയിൽ എസ്‌ഡിപിഐ കോൺഗ്രസ്‌ ധാരണ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


കൊച്ചി
തീവ്രവാദ സംഘടനയെ വെള്ളപൂശി തൃക്കാക്കരയിൽ സഹായം ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഷ്ട്രീയ പാർടിയായി അംഗീകരിക്കണം എന്ന എസ്ഡിപിഐ ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതായാണ് വിവരം. പകരം ഉപതെരഞ്ഞെടുപ്പിൽ വോട്ട്‌ നൽകും. എസ്‌ഡിപിഐ നേതൃത്വവുമായി ഉന്നത കോൺഗ്രസ് നേതാവ് എറണാകുളത്ത്‌ തിങ്കൾ രാത്രി നടത്തിയ രഹസ്യ ചർച്ചയിലാണ് ഡീൽ ഉറപ്പിച്ചതെന്നറിയുന്നു.

തൃക്കാക്കരയിലെ പരാജയ ഭീതിയിലാണ് കോൺ​ഗ്രസ് നേതൃത്വം ധാരണയ്ക്ക് തയ്യാറായത്. പോപ്പുലർ ഫ്രണ്ടിന്റെ  ഉന്നത നേതാവുമായി മൂവാറ്റുപുഴയ്‌ക്കടുത്ത്‌ ചെറുവട്ടൂരിലെ ഒരു  വീട്ടിലാണ് കോൺഗ്രസ്‌ നേതാവ്‌ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയത്. എസ്ഡിപിഐ വർഗീയ സംഘടനയെന്ന് നിരന്തരം പ്രചരണം നടത്തുന്ന സിപിഐ എമ്മിന് തിരിച്ചടി നൽകാനും ഭാവിയിൽ യുഡിഎഫ് ഘടകകക്ഷി ആകാനുമാണ് എസ്ഡിപിഐ ലക്ഷ്യം. കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ഹാരിസ് എന്ന ദൂതൻ എസ്ഡിപിഐ സംസ്ഥാന നേതാവുമായി കഴിഞ്ഞ അഞ്ചിന്‌ ബന്ധപ്പെട്ടു.

തൃക്കാക്കരയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തുന്നുണ്ടോ എന്ന് ദൂതൻ മുഖേന കോൺഗ്രസ് നേതൃത്വം ആരാഞ്ഞു. അക്കാര്യം പരിഗണയിലാണെന്നും ഒരുമിച്ചു മത്സരിക്കാൻ സാധ്യത തേടി സമാജ് വാദി പാർടി നേതാക്കൾ സമീപിച്ചതായും എസ്ഡിപിഐ അറിയിച്ചു.

തുടർന്ന്‌ തങ്ങളുടെ നിലപാടിൽ പൂർണമായും മാറ്റമുണ്ടെന്നും തുടർ ചർച്ചകൾക്കായി കൊച്ചിയിലും കോഴിക്കോട്ടുമായി ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വം എസ്‌ഡിപിയെയും അറിയിച്ചു. പിന്നാലെ ആറിന്‌ ഉന്നത കോൺഗ്രസ് നേതാവ് എസ്ഡിപിഐ സംസ്ഥാന നേതാവിനെ നേരിട്ട് ബന്ധപ്പെട്ടതായാണ് വിവരം. മുൻപ് പല തെരഞ്ഞെടുപ്പുകളിലും ഒളിഞ്ഞും തെളിഞ്ഞും സഹായം തേടിയിട്ടുണ്ടെങ്കിലും കോൺഗ്രസ് ഉന്നത നേതൃത്വം  മുൻകൈ എടുത്തു തീവ്രവാദ സംഘടനയുമായി സന്ധിചെയ്യാൻ  തീരുമാനിക്കുന്നത്‌ ഇതാദ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top