08 May Wednesday
കോൺഗ്രസ്‌ നേതൃത്വം ബഹിഷ്‌കരിച്ചു

വിലക്കിന്‌ പുല്ലുവില; വെല്ലുവിളിച്ച്‌ ശശി തരൂർ

എസ്‌ മനോജ്‌Updated: Sunday Dec 4, 2022

കോട്ടയം
കെപിസിസി അച്ചടക്ക സമിതിയുടെ തീരുമാനം വെല്ലുവിളിച്ച്‌  ശശി തരൂർ കോട്ടയം ജില്ലയിൽ നിശ്‌ചയിച്ച പരിപാടികളിൽ  പങ്കെടുത്തു. അതേസമയം തരൂർ  പങ്കെടുക്കുന്ന വിവരം ഡിസിസിയെ അറിയിച്ചില്ലെന്ന്‌ പാലായിലെ യോഗസ്ഥലത്തുചെന്ന്‌ അറിയിച്ച ഡിസിസി പ്രസിഡന്റ്‌  ഇതുസംബന്ധിച്ച്‌ അച്ചടക്ക സമിതിക്ക്‌ പരാതിയും നൽകി.

ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷടക്കം ഔദ്യോഗിക നേതൃത്വമാകെ  പരിപാടിയിൽ നിന്ന്‌ വിട്ടുനിന്നു. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ വീണ്ടും പരസ്യമായ  ഏറ്റുമുട്ടലിലേക്ക്‌ നീങ്ങുകയാണ്‌. തരൂരിന് പിന്നിൽ എ ഗ്രൂപ്പുണ്ടെന്ന്‌ വ്യക്തമാക്കി ഈരാറ്റുപേട്ടയിലെ യോഗത്തിൽ ആന്റോ ആന്റണി എം പി പങ്കെടുത്തു. മുസ്ലിംലീഗും തരൂരിന്‌ സ്വീകരണം നൽകി.  ഡിസിസികൾ അറിഞ്ഞുമാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂവെന്ന്‌ അച്ചടക്ക സമിതിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവറും ശശി തരൂരിന്‌ അന്ത്യശാസനം നൽകിയിരുന്നു. ഇത്‌ തള്ളിയാണ്‌ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തത്‌.

  കെപിസിസി പ്രസിഡന്റും മുൻ ഗവർണറുമായ പ്രൊഫ കെ എം ചാണ്ടി അനുസ്‌മരണ പ്രഭാഷണമായിരുന്നു തരൂരിന്റെ ആദ്യ പരിപാടി.  തരൂരിന്റെ സന്ദർശനം സംബന്ധിച്ച്‌ എഐസിസിയെ അറിയിക്കുമെന്നും നാട്ടകം സുരേഷ്‌ പറഞ്ഞു. ഈരാറ്റുപേട്ടയിലെ യൂത്ത്‌ കോൺഗ്രസ്‌ സംഗമം സംബന്ധിച്ച്‌ യൂത്ത്‌ കോൺഗ്രസിലെ ഒരു വിഭാഗവും പരാതി നൽകിയിട്ടുണ്ട്‌.  

  പതിനാല് വർഷമായി വിവിധ യോഗങ്ങളിൽ പ്രസംഗിക്കുന്നുവെന്നും  ഇപ്പോൾ എന്താണ്‌ പ്രത്യേകതയെന്നറിയില്ലെന്നും  തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ ഓഫീസിൽ നിന്ന്‌ കോട്ടയം ഡിസിസിയിൽ വിളിച്ച്‌ പരിപാടിയുടെ കാര്യം പറഞ്ഞതായും തരൂർ വ്യക്തമാക്കി. എന്നാൽ ആരോ വിളിച്ചെന്നും ഒന്നും പറഞ്ഞില്ലെന്നും ഡിസിസി പ്രസിഡണ്ട്‌ നാട്ടകം സുരേഷ്‌ തിരിച്ചടിച്ചു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റും മുൻ ഡിസിസി പ്രസിഡന്റ്‌ കുര്യൻ ജോയിയുടെ മകനുമായ ചിന്റു കുര്യൻ ജോയിയാണ്‌ പരിപാടിയിലേക്ക്‌ തരൂരിനെ ക്ഷണിച്ചത്‌. ഞായറാഴ്‌ച ചങ്ങനാശേരിയിലും പത്തനംതിട്ടയിലും തരൂർ പ്രസംഗിക്കും.


കെപിസിസി അന്വേഷിക്കും: തിരുവഞ്ചൂർ

കോട്ടയം
ഡിസിസിയുടെ അനുമതിയില്ലാതെ ശശിതരൂർ എംപി  കോട്ടയം ജില്ലയിലും മറ്റും വിവിധ പരിപാടികളിൽ പങ്കെടുത്ത  സംഭവത്തിൽ കെപിസിസി അന്വേഷിച്ച്‌ നിലപാട്‌ എടുക്കുമെന്ന്‌ അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. ഡിസിസികളെ അറിയിക്കണമെന്ന അച്ചടക്കസമിതി തീരുമാനം ലംഘിച്ചു.

ഇതിനാലാണ്‌ താൻ ഈരാറ്റുപേട്ടയിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top