19 April Friday

കോൺഗ്രസിന്റെ ബോർഡിൽ ഹൈന്ദവചിഹ്നം: സമസ്‌തയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കോൺഗ്രസ്‌ പ്രചാരണബോർഡിലെ വിവാദമായ ഭാഗം

മലപ്പുറം > പ്രചാരണ ബോർഡിൽ ഹൈന്ദവചിഹ്നം ചേർത്ത കോൺഗ്രസിനെതിരെ സമസ്‌തയുടെ പ്രതിഷേധം. ശശി തരൂർ എംപി പങ്കെടുത്ത ‘ശശി തരൂർ കണ്ട ലോകം’പരിപാടിയുടെ പ്രചാരണ  ബോർഡിലാണ്‌ ‘ഓം’ എന്നുമാത്രം ചേർത്തത്‌. ഇതിന്റെ ചേതോവികാരമെന്തെന്നാണ്‌ സമസ്‌തയുടെ ചോദ്യം.  യുവജനവിഭാഗമായ എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സത്താർ പന്തല്ലൂരാണ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ കോൺഗ്രസിനെ വിമർശിച്ചത്‌.

ശശി തരൂർ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്‌ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയാണ്‌. ഇതിന്റെ പ്രചാരണ ബോർഡിലാണ്‌ ഓം എന്നുമാത്രം ചേർത്തത്‌.  മറ്റു മതചിഹ്നങ്ങൾ ഉൾപ്പെടുത്തിയുമില്ല. ഇതാണ്‌ എസ്‌കെഎസ്‌എസ്‌എഫിന്റെ വിമർശത്തിനിടയാക്കിയത്‌. ‘‘ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബിജെപി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങനെ ചെയ്യുന്നത്‌. നാർക്കോട്ടിക് ജിഹാദ് വിവാദം ഉയർന്നപ്പോൾ ന്യൂനപക്ഷ സമുദായങ്ങൾ അകലാതിരിക്കാൻ മലപ്പുറത്തെ കോൺഗ്രസ്‌ ഒന്നുംചെയ്‌തില്ല.

ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുയർന്ന വിഷയത്തിൽ സ്‌കൂളിന്റെ അലംഭാവം എന്നിവയിലൊന്നും മലപ്പുറം ഡിസിസിക്ക്‌ നിലപാടുണ്ടായിരുന്നില്ല - സത്താർ പന്തല്ലൂർ ഫേസ്‌ബുക്ക്‌ കുറിപ്പിൽ കുറ്റപ്പെടുത്തി. മലപ്പുറം ഡിസിസി നേതൃത്വം വിഷയങ്ങളിൽ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം പാർടിക്കുള്ളിൽതന്നെയുണ്ട്‌. മുതിർന്ന നേതാക്കളെ പരിഗണിക്കാതെയാണ്‌ തീരുമാനമെടുക്കുന്നത്‌ എന്ന ആക്ഷേപവും വ്യാപകം. ഇതിനിടയിലാണ്‌ എസ്‌കെഎസ്‌എസ്‌എഫിന്റെ വിമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top