20 April Saturday

കോൺഗ്രസിന്റെ ഇഡി വിരുദ്ധസമരം കേന്ദ്ര ഏജൻസികളുടെ തോളിൽ കൈയിട്ട്‌ ; മുദ്രാവാക്യം സംസ്ഥാന 
സർക്കാരിനെതിരെ

പ്രത്യേക ലേഖകൻUpdated: Friday Jun 17, 2022


തിരുവനന്തപുരം
കേന്ദ്ര ഏജൻസികളുടെ തോളിൽ കൈയിട്ടും കണ്ണിറുക്കിയും  കെപിസിസിയുടെ ഇഡി വിരുദ്ധസമരം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ കൗതുകം പകർന്നു. രാഷ്‌ട്രീയവേട്ടയുടെ ഭാഗമായി രാഹുൽ ഗാന്ധിയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെപിസിസിയുടെ രാജ്‌ഭവൻ മാർച്ച്‌. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക്‌ ഒട്ടും അലോസരം തോന്നാത്ത വിധം നേതാക്കൾ നിരന്നു നിന്നുള്ള ഒരു ഘോഷയാത്രയിൽ ഒതുങ്ങി  മാർച്ച്‌. ഇഡിക്കെതിരെയാണ്‌ സമരമെങ്കിലും രാജ്‌ഭവന്‌ മുന്നിലെ ബാരിക്കേഡിന്‌ മുകളിൽ കയറാനും പൊലീസിനെ ആക്രമിക്കാനും മറന്നില്ല.

കേരളത്തിൽ നിന്നുള്ള എംപിയും മുൻ കോൺഗ്രസ്‌ പ്രസിഡന്റുമായ രാഹുൽ ഗാന്ധിയെ കഴിഞ്ഞ മൂന്ന്‌ ദിവസമായി 30 മണിക്കൂറാണ്‌ ഇഡി ചോദ്യം ചെയ്‌തത്‌. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. എന്നാൽ, ഇഡിയുടെ ‘രാഷ്‌ട്രീയ വേട്ട’യുടെ രോഷമൊന്നും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അടക്കമുള്ളവരിൽ കണ്ടില്ല. കേരളത്തിലെ കേന്ദ്ര ഏജൻസികളെ പിണക്കിയാൽ തങ്ങളുടെ ഉദ്ദേശ്യം നടക്കാതെ പോയാലോയെന്ന ആശങ്കയാണ്‌ നേതാക്കളുടെ പ്രതികരണത്തിൽ തെളിഞ്ഞത്‌. മാർച്ച്‌ കഴിഞ്ഞ പാടെ ചാനലുകൾക്ക്‌ മുമ്പിലെത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാകട്ടെ  വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച  യൂത്ത്‌ കോൺഗ്രസുകാർക്കു വേണ്ടിയാണ്‌ വാദിച്ചത്‌.  മാർച്ചിൽ  വി ഡി സതീശനും കെ സുധാകരനും  നടത്തിയ പ്രസംഗത്തിലും ഇവിടത്തെ കേന്ദ്ര ഏജൻസികളോടുള്ള കരുതൽ പ്രകടമായി.

രാഹുൽ ഗാന്ധിയെ അറസ്‌റ്റ്‌ ചെയ്യുമോയെന്ന ആശങ്കയിലാണ്‌ ഡൽഹിയിൽ എംപിമാരടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ. കോൺഗ്രസ്‌ ആസ്ഥാനത്ത്‌ പൊലീസ്‌ കയറി വനിതകളടക്കമുള്ള നേതാക്കളെ കഴിഞ്ഞ ദിവസം മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌തിരുന്നു. അതിനെതിരെ ലോക്‌സഭാ സ്‌പീക്കർക്ക്‌ പരാതി നൽകാൻ പോയ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഡൽഹി യുദ്ധക്കളമായി മാറിയിട്ടും കേരളത്തിലെ 16 കോൺഗ്രസ്‌ എംപിമാരിൽ ഏറിയ പങ്കും കേരളത്തിൽ സുഖവാസത്തിലാണ്‌. എംപിമാരായ കെ സുധാകരൻ, കെ മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവരെല്ലാം സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണവുമായി ഇവിടെ ചുറ്റിത്തിരിയുകയാണ്‌.

ചോദ്യം ചെയ്യൽ തുടങ്ങിയ ദിവസം ഡൽഹിയിൽ എത്തിയ ഉമ്മൻചാണ്ടി ഉടനെ മടങ്ങി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ സുധാകരനും മുരളീധരനും അവിടെ എന്തെങ്കിലുമാകട്ടെ എന്ന മട്ടിൽ ഇവിടെ തേരാപാരാ നടക്കുകയാണ്‌. ശശി തരൂർ അടക്കമുള്ളവർ എവിടെയെന്നുപോലും അറിയില്ല.

മുദ്രാവാക്യം സംസ്ഥാന 
സർക്കാരിനെതിരെ
പ്രതിഷേധം കേന്ദ്ര സർക്കാരിനും ഇഡിക്കും എതിരെ ആയിരുന്നെങ്കിലും രാജ്‌ഭവൻ മാർച്ചിൽ കോൺഗ്രസ്‌ ഉയർത്തിയത്‌ സംസ്ഥാന സർക്കാരിനും പൊലീസിനും എതിരായ മുദ്രാവാക്യം. ഇഡിയെ ഉപയോഗിച്ച്‌ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നെന്ന്‌ ആരോപിച്ചായിരുന്നു മാർച്ച്‌. കേരളത്തിൽ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്ന രാഷ്ട്രീയക്കളിക്ക്‌ കൂട്ടുനിൽക്കുന്ന കോൺഗ്രസ്‌, കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്താൻ സംഘടിപ്പിച്ച മാർച്ച്‌ ഫലത്തിൽ പരിഹാസ്യമായി. 

മുദ്രാവാക്യംവിളി മാത്രമല്ല നേതാക്കളുടെ പ്രസംഗവും സംസ്ഥാന സർക്കാരിനെതിരെയായിരുന്നു. പ്രസംഗം അവസാനിപ്പിച്ചതോടെ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചു. ബാരിക്കേഡ്‌ മറിച്ചിടാൻ വനിതാ പ്രവർത്തകർ അടക്കം ശ്രമിച്ചു. ഇതിനിടയിൽ പൊലീസിനുനേരെ വലിയതോതിൽ കല്ലേറുണ്ടായി. വിഴിഞ്ഞം സ്‌റ്റേഷനിലെ വനിതാ സിപിഒ രജിത അടക്കം രണ്ടു പൊലീസുകാർക്ക്‌ പരിക്കേറ്റു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർ വീണ്ടും കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ ചിതറിയോടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരെ ആക്രമിച്ച മൂന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.    മാർച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവരും പങ്കെടുത്തു.

മാർച്ചിൽ മുൻനിരയിലെത്താൻ കൂട്ടയിടിയായിരുന്നു. അവസാന സമയംവരെ മുൻനിരയിലായിരുന്ന ബിന്ദു കൃഷ്‌ണയെ രാജ്‌ഭവനു മുന്നിലെത്തിയതും  തള്ളിമാറ്റി. ടി സിദ്ദീഖും പാലോട്‌ രവിയും തള്ളി മുന്നിലെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top