02 July Wednesday

‘കിട്ടിയ പിച്ചിൽ കളിക്കും’ ; അതൃപ്‌തി മറയ്ക്കാതെ തരൂർ ; സുധാകരന്റെ തിരുത്തലിൽ ആത്മാർഥതയില്ല

പ്രത്യേക ലേഖകൻUpdated: Friday Oct 7, 2022


തിരുവനന്തപുരം
കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഖാർഗെയ്ക്കുവേണ്ടി രംഗത്തിറങ്ങുന്നതിൽ അതൃപ്തി തുടർന്ന്‌ ശശി തരൂർ. പക്ഷം പിടിക്കില്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ തിരുത്തലിലും ആത്മാർഥതയില്ലെന്ന നിലപാടിലാണ്‌ തരൂർ. വോട്ടർമാർക്ക്‌ കൃത്യമായ സന്ദേശം നൽകിയശേഷം മാറ്റിയും മറിച്ചും പറഞ്ഞാലും കാര്യം മനസ്സിലാകും. ഇതിനു പിന്നിൽ കെ സി വേണുഗോപാലെന്നാണ്‌ മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നതെന്നും തരൂർ വ്യക്തമാക്കി.

തിരുവനന്തപുരത്തെ പ്രചാരണം കഴിഞ്ഞ്‌ ചെന്നൈയിലേക്ക്‌ തിരിച്ചപ്പോഴും തന്റെ അതൃപ്തി തരൂർ മാധ്യമങ്ങളോട്‌ പങ്കുവച്ചു. രമേശ്‌ ചെന്നിത്തല ഭാരവാഹിയല്ലാത്തതുകൊണ്ട്‌ ആർക്കുവേണ്ടിയും പറയാം. എന്നാൽ, മറ്റുള്ളവർ അതല്ല. ആർക്കുവേണ്ടി തയ്യാറാക്കിയതായാലും കിട്ടിയ പിച്ചിൽ നന്നായി കളിക്കുകയാണ്‌ തന്റെ ലക്ഷ്യം. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നിരിക്കെ അത്തരത്തിൽ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇനിയും അതിനു പിന്നാലെ പോകുന്നില്ലെന്നും തരൂർ പറഞ്ഞു.

അതേസമയം, കെ സി വേണുഗോപലിന്‌ മേൽക്കൈ ഉള്ള കെപിസിസി ഒന്നടങ്കം തനിക്ക്‌ എതിരാണെന്ന സന്ദേശം കേരളത്തിനു പുറത്ത്‌ എത്തിക്കുന്നതിൽ തരൂർ വിജയിച്ചു. ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. ഇത്‌ ഫലത്തിൽ തരൂരിന്‌ നേട്ടമാകുമെന്ന്‌ കണക്കുകൂട്ടുന്നവരുമുണ്ട്‌.
വടക്കേ ഇന്ത്യയിൽ കോൺഗ്രസ്‌ നേതാക്കളിൽ നല്ലൊരു ശതമാനവും വേണുഗാേപാൽ വിരുദ്ധരാണ്‌. പുറത്തുപോയ ഗുലാം നബി ആസാദ്‌ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. താൻ ദേശീയതലത്തിൽ പ്രവർത്തിക്കുമ്പോൾ വേണുഗോപാൽ സ്കൂൾകുട്ടിയായിരുന്നു എന്നായിരുന്നു ഗുലാംനബിയുടെ വിശേഷണം. വേണുഗോപാൽ വിരുദ്ധരുടെകൂടി വോട്ടുകൂടി സമാഹരിക്കുകയാണ്‌ തരൂരിന്റെ ലക്ഷ്യങ്ങളിലൊന്ന്‌.

പ്രചാരണം തുടർന്ന്‌ തരൂർ
കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ശശി തരൂർ പ്രചാരണം സജീവമായി തുടരുന്നു. മഹാരാഷ്ട്ര, തെലങ്കാന, കേരളം എന്നിവിടങ്ങൾക്കുശേഷം വ്യാഴാഴ്‌ച തരൂർ തമിഴ്‌നാട്ടിലെത്തി പ്രചാരണം നടത്തി.  യുവാക്കളുടെ പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ തരൂർ പറഞ്ഞു. എല്ലാവരുടെയും വോട്ടുകൾ സ്വീകരിക്കുമെന്നും- അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന നിലപാടാണ്‌ ഹൈക്കമാൻഡ്‌ സ്വീകരിച്ചതെങ്കിലും മല്ലികാർജുൻ ഖാർഗെ കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണ്‌ മത്സരത്തിനുള്ളത്‌. എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടതിൽനിന്നുതന്നെ ഇത്‌ വ്യക്തവുമാണ്‌. ഈ നിലപാടിലുള്ള അതൃപ്‌തിയും പലഘട്ടങ്ങളിലായി തരൂർ പ്രകടിപ്പിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top