20 April Saturday
ഖാർഗെയ്‌ക്കുവേണ്ടി ചെന്നിത്തല നാല്‌ സംസ്ഥാനത്ത്‌ പ്രചാരണത്തിനിറങ്ങും

നേതാക്കൾ കൂട്ടത്തോടെ 
ചവിട്ടിത്താഴ്ത്തുന്നു , ഏറ്റവും കൂടുതൽ എതിർപ്പ്‌ കേരളത്തിൽ നിന്ന്‌ : തരൂർ

പ്രത്യേക ലേഖകൻUpdated: Thursday Oct 6, 2022



തിരുവനന്തപുരം
കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടുംകൽപ്പിച്ചുള്ള തരൂരിന്റെ പോരാട്ടത്തിന്‌ തടയിടാൻ കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം രംഗത്ത്‌. ഖാർഗെയുടെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട്‌ എ കെ ആന്റണി തുടങ്ങിവച്ച സന്ദേശം ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ നേതാക്കളും ഏറ്റെടുത്തു. പഴയ നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, ഉമ്മൻചാണ്ടി, കെ മുരളീധരൻ തുടങ്ങിയവർ വോട്ട്‌ ഖാർഗെയ്ക്കാണെന്ന്‌ പരസ്യ നിലപാടെടുത്തു.

ഒരു പടികൂടി കടന്ന്‌ മുതിർന്ന നേതാവ്‌ രമേശ്‌ ചെന്നിത്തല നാല്‌ സംസ്ഥാനത്ത്‌ ഖാർഗെയ്‌ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന്‌ പ്രഖ്യാപിച്ചു. ഇപ്പോൾ അഹമ്മദാബാദിലുള്ള ചെന്നിത്തല മഹാരാഷ്‌ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലാകും ആദ്യമെത്തുക. വിജയത്തിൽ സംശയമൊന്നുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

അതേസമയം, ഖാർഗെയ്‌ക്ക്‌ വേണ്ടി പരസ്യ നിലപാടെടുത്ത കെ സുധാകരന്റെയും അതിന്‌ ചരടുവലിക്കുന്ന കെ സി വേണുഗോപാലിന്റെയും നീക്കങ്ങൾക്കെതിരെ ശശി തരൂർ ശക്തമായി പ്രതികരിച്ചു. ചവിട്ടിത്താഴ്ത്താനാണ്‌ ചിലർ ശ്രമിക്കുന്നതെന്ന്‌ തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന്‌ സോണിയ ഗാന്ധിയും കുടുംബവും വ്യക്തമാക്കിയിട്ടും കെപിസിസി ഇത്തരത്തിൽ ഒരാൾക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നത്‌ ശരിയല്ല.  ഏറ്റവും കൂടുതൽ എതിർപ്പ്‌ കേരളത്തിൽ നിന്നാണെന്നത്‌ അത്ഭുതപ്പെടുത്തുന്നുവെന്നും തെരഞ്ഞെടുപ്പ്‌ ഓഫീസർ മധുസൂദൻ മിസ്‌ത്രിക്ക്‌ പരാതി നൽകിയെന്നും തരൂർ പറഞ്ഞു.

തരൂരിന്‌ രാഷ്‌ട്രീയ പ്രവർത്തന പാരമ്പര്യമില്ലെന്ന്‌ കെ മുരളീധരൻ പറഞ്ഞു. മറ്റ്‌ പല സ്ഥാനങ്ങൾക്കും തരൂർ അർഹനാണെങ്കിലും പാർടി പ്രസിഡന്റാകാനുള്ള യോഗ്യതയില്ല. എന്നാൽ, കേരളത്തിലെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ എതിരായതോടെ തരൂർ തള്ളിക്കളയേണ്ട സ്ഥാനാർഥിയല്ലെന്ന്‌ തെളിയിച്ചതായി പത്രികയിൽ ഒപ്പിട്ട യുവനേതാവ്‌ പറഞ്ഞു.

ആർക്ക്‌ വോട്ടുചെയ്യണം എന്ന്‌ പറയാൻ ആളല്ല, മലക്കംമറിഞ്ഞ്‌ 
കെ സുധാകരൻ
എഐസിസി തെരഞ്ഞെടുപ്പിൽ വീണ്ടും മലക്കംമറിഞ്ഞ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ആർക്ക് വോട്ടുചെയ്യണമെന്ന് പറയാൻ താൻ ആളല്ലെന്നാണ്‌ സുധാകരൻ കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. ‘വോട്ട് വ്യക്തിപരമായ തീരുമാനമാണ്‌. തരൂർ പറഞ്ഞ പരാതിയെക്കുറിച്ചറിയില്ല. ജനാധിപത്യത്തിന്റെ മുഖമാണ്‌ മത്സരം. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സ്ഥാനാർഥികൾ പരസ്പരം മത്സരിച്ചിട്ടുണ്ട്’.  ശശി തരൂരുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സുധാകരൻ പറഞ്ഞു. നേരത്തേ ആരെയും പിന്തുണക്കില്ലെന്ന്‌ പറഞ്ഞ സുധാകരൻ പിന്നീട്‌ ഖാർഗെക്ക്‌ പരസ്യപിന്തുണ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top