26 April Friday

പത്തനംതിട്ടയിൽ കോണ്‍​ഗ്രസ് പോര് 
താഴെത്തട്ടിലേക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
പത്തനംതിട്ട > ഡിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ജില്ലയിലെ തർക്കം താഴേത്തട്ടിലേക്കും വ്യാപിക്കുന്നു.  ജില്ലാ നേതൃത്വത്തിനെതിരെ എല്ലാ സംതൃപ്‌തരെയും കൂട്ടി  പടയൊരുക്കത്തിനാണ്  ഒരു വിഭാ​ഗം.
 
ഡിസിസി പുനസംഘടനയോടനുബന്ധിച്ച് ആലോചിക്കാൻ ചേർന്ന് ആദ്യ യോഗം തന്നെ അലസിപ്പിരിയേണ്ടി വന്നതിൽ ജില്ലാ  നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് നീക്കമെന്നതിന്റെ സൂചനയാണ്.  ഇനിയും ഒരു വിഭാ​ഗത്തിന്റെ അവ​ഗണനയ്ക്കും അപ്രമാദിത്വത്തിനും നിന്ന് തരില്ലെന്ന് പ്രഖ്യാപിച്ചാണ് താഴെത്തട്ടിലേക്കും പോര് മുറുക്കാൻ ഒരുങ്ങുന്നത്. മുൻ ഡിസിസി പ്രസിഡന്റുമാരാണ് ശനിയാഴ്ച  ഡിസിസിയിൽ ചേർന്ന  യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതിന്റെ തുടർച്ചയായാണ്   അസംതൃപ്‌തരായ എല്ലാവരെയും കൂട്ടി യോജിപ്പിച്ചു  നേതൃത്വത്തിനെതിരെ നീങ്ങാൻ  ഒരുക്കം തുടങ്ങി. വർഷങ്ങളായി തുടരുന്ന കേന്ദ്ര നേതാവിന്റെ അപ്രമാദിത്വം  ഇനിയും അംഗീകരിച്ചു തരാൻ ഒരുക്കമല്ലെന്ന് നേതാക്കളും പ്രവർത്തകരും ഒരു പോലെ പറയുന്നു.
 
യൂത്ത് കോൺഗ്രസിലേക്കും മറ്റു പോഷക സംഘടനകളിലേക്കും നേതൃത്വത്തിനെതിരായവരെ കൂട്ടാനാണ് ഒരു വിഭാ​ഗത്തിന്റെ നീക്കം. ഇതിന്  എല്ലാ ഒത്താശയും  മുൻഭാരവാഹികളുടെ  ഭാ​ഗത്ത് നിന്നും ഉണ്ടാകും. അസംതൃപ്‌ത‌രായവരെ കൂട്ടിയോജിപ്പിച്ച് താഴെ തട്ടുകളിലേക്കും  യോഗങ്ങൾ വരും  ദിവസങ്ങളിൽ തുടങ്ങും.
 
കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ദൈനംദിന പ്രവർത്തനം പോലും ഏതാനും വ്യക്തികളിൽ കേന്ദ്രീകരിച്ചുവെന്നും  തങ്ങളുടെ സ്ഥാപിത താല്പര്യത്തിന് വേണ്ടി ഇവർ സംഘടനയെ  ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഇതിനെ  ഇനിയും  ഇത്തരത്തിൽ മുന്നോട്ട് കൊണ്ടു പോകാൻ  ഒരു കാരണവശാലും സമ്മതിക്കില്ലെന്ന  മുന്നറിയിപ്പാണ് ശനിയാഴ്ച നടന്ന   യോഗത്തിൽ മുൻജില്ലാ ഭാരവാഹികൾ കൈക്കൊണ്ടത്. അധികാരം ഏതുവിധേനയും  നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപിയുമായി പല തദ്ദേശസ്ഥാപനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജില്ലാ നേതൃത്വം നടത്തുന്ന  കൂട്ടു കച്ചവടം എതിർത്ത് പരാജയപ്പെടുത്താനുമാണ് വിമതവിഭാഗത്തിന്റെ  തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top