26 April Friday

സംഘടനാ തെരഞ്ഞെടുപ്പ്‌: സുധാകരനെതിരെ 
എ, ഐ ഗ്രൂപ്പുകൾ

പ്രത്യേക ലേഖകൻUpdated: Tuesday Oct 19, 2021

തിരുവനന്തപുരം > കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ തീരുമാനിച്ചതോടെ കേരളത്തിൽ ഗ്രൂപ്പുകൾ കച്ചമുറുക്കാൻ തുടങ്ങി. കെപിസിസി, ഡിസിസി പുനഃസംഘടനയ്‌ക്കെതിരെയും മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംഘടനാ തെരഞ്ഞെടുപ്പ്‌ തീയതി തീരുമാനിച്ചതിനാൽ ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നത്‌ സംഘടനാ വിരുദ്ധമെന്നാണ്‌ വാദം. അതേസമയം, ഹൈക്കമാൻഡിന്റെ പക്കലുള്ള കെപിസിസി ഭാരവാഹിപ്പട്ടികയ്‌ക്ക്‌ അംഗീകാരം നേടാൻ കെ സുധാകരനും വി ഡി സതീശനും സമ്മർദം ശക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനാൽ സുധാകരനെ ലക്ഷ്യമിട്ടാണ്‌ എ, ഐ ഗ്രൂപ്പുകൾ കൈകോർക്കുക. താഴെ തലംമുതൽ ഇരുഗ്രൂപ്പും ഒരുമിച്ച്‌ നീങ്ങാനും ധാരണയായി. സുധാകരൻ മത്സരിച്ചാൽ എതിർ സ്ഥാനാർഥിയുടെ കാര്യത്തിലും ഗ്രൂപ്പ്‌ നേതൃത്വത്തിൽ ധാരണയായി. ഡിസിസി നിയമനത്തിലും കെപിസിസി പട്ടികയിലും ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും അവഗണിച്ചതിന്‌ പകരം വീട്ടാൻ സംഘടനാ തെരഞ്ഞെടുപ്പ്‌ ഗ്രൂപ്പുകൾക്ക്‌ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ്‌. കെപിസിസി പട്ടിക പുറത്തുവിട്ടാലും ഡിസിസി പുനഃസംഘടന അനിശ്ചിതത്വത്തിലാകും. നവംബർ ഒന്നിന്‌ അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നതിനാൽ ഡിസിസി ഭാരവാഹികളെ തീരുമാനിക്കുന്നത്‌ അപ്രായോഗികമാണെന്നാണ്‌ മുതിർന്ന നേതാക്കളുടെ അഭിപ്രായം.

കെപിസിസി പട്ടിക പ്രഖ്യാപിച്ചശേഷം സംഘടനാ തെരഞ്ഞെടുപ്പ്‌ നടപടികളിലേക്ക്‌ പ്രവേശിക്കാനാണ്‌ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്‌. കെ സി വേണുഗോപാലിന്റെ പക്കലുള്ള പട്ടികയിൽ ഇപ്പോഴും വെട്ടുംതിരുത്തും തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top