തിരുവനന്തപുരം
പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട് പ്രസംഗശേഷവും സഭയിൽനിന്ന് ഇറങ്ങിപ്പോകാതെ നടപടികൾ തടസ്സപ്പെടുത്താൻ കോൺഗ്രസ് അംഗങ്ങളുടെ ശ്രമം. ഇതേത്തുടർന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അടക്കം വാക്ക് ഔട്ട് പ്രസംഗത്തിനുള്ള അവസരം നഷ്ടമായി. അൻവർ സാദത്താണ് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്.
ആലുവയിൽ കുട്ടിയെ പീഡിപ്പിച്ചത് അടക്കമുള്ള സംഭവങ്ങളിൽ പ്രതികളെ അന്നുതന്നെ പിടികൂടാൻ കഴിഞ്ഞെന്നും കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇത്തരം സംഭവങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. തുടർന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാക്ക് ഔട്ട് പ്രസംഗം നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ സതിയമ്മ എന്ന സ്‌ത്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന സതീശന്റെ പരാമർശം ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. വസ്‌തുത സഭയെ അറിയിക്കാൻ എഴുന്നേറ്റ മന്ത്രി ജെ ചിഞ്ചുറാണിക്ക് അവസരം നൽകാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. തുടർന്ന് വാക്ക് ഔട്ട് ചെയ്യുന്നതായി അറിയിച്ച് വി ഡി സതീശൻ പ്രസംഗം അവസാനിപ്പിച്ചു.
പിന്നീട് സംസാരിക്കാൻ എഴുന്നേറ്റ പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിക്ക് അവസരം നൽകി. വസ്‌തുതാവിരുദ്ധമായ കാര്യമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും പുതുപ്പള്ളിയിൽ ഉണ്ടായത് ആൾമാറാട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈ സമയമാണ് കോൺഗ്രസ് അംഗങ്ങൾ തിരിച്ചെത്തി നടുത്തളത്തിലടക്കം ഇറങ്ങി ബഹളമുണ്ടാക്കിയത്. വാക്ക് ഔട്ട് പ്രഖ്യാപിച്ചവർ ഇറങ്ങിപ്പോകണമെന്നും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്നും സ്‌പീക്കർ ആവർത്തിച്ചു പറഞ്ഞെങ്കിലും കോൺഗ്രസ് അംഗങ്ങൾ കൂട്ടാക്കിയില്ല. ബഹളംതുടർന്നതോടെ വാക്ക് ഔട്ട് പ്രസംഗം നടത്താതെ കുഞ്ഞാലിക്കുട്ടിയും ലീഗ് അംഗങ്ങളും ഇറങ്ങിപ്പോയതോടെയാണ് കോൺഗ്രസ് അംഗങ്ങളും മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..