26 April Friday

ഡൽഹി പൊലീസിനെ പേടി; കോൺഗ്രസ്‌ എംപിമാർ ഒളിച്ചോടി

സ്വന്തം ലേഖകൻUpdated: Sunday Mar 26, 2023

ന്യൂഡൽഹി
രാഷ്ട്രപതിഭവൻ മാർച്ചിനിടെ അറസ്റ്റ്‌ ഭയന്ന്‌ പേടിച്ചോടി കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർ. ചാനൽ കാമറകൾക്കായി പ്രകടനത്തിന്റെ മുൻപന്തിയിൽനിന്ന്‌ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചവരാണ്‌ വിജയ്‌ചൗക്കിൽ  പൊലീസ്‌ കുപ്പായം കണ്ടപ്പോൾ ഓടിയൊളിച്ചത്‌.  നാലുപേർ പ്രകടനത്തിനുപോലും എത്തിയില്ല. അതേസമയം, സിപിഐ എം പ്രതിനിധികളായ എ എ റഹീം, വി ശിവദാസൻ,  എ എം ആരിഫ്‌, സിപിഐയിലെ പി സന്തോഷ്‌ കുമാർ എന്നിവർ അറസ്റ്റ്‌ വരിച്ചു.

കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ നയിച്ച മാർച്ചിൽനിന്ന്‌ ഒരുകാരണവശാലും പിന്തിരിഞ്ഞോടരുതെന്നും അറസ്റ്റ്‌ വരിക്കണമെന്നും മാർച്ചിന്‌ തൊട്ടുമുമ്പ്‌ പാർടിയോഗത്തിൽ സോണിയ എംപിമാർക്ക്‌ കർശന നിർദേശം നൽകിയിരുന്നു. അദാനി തട്ടിപ്പിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു രാഷ്‌ട്രപതി ഭവൻ മാർച്ച്‌.

ജനാധിപത്യം അപകടത്തിൽ എന്ന ബാനറിന്‌ തൊട്ടുപിന്നിൽ മുദ്രാവാക്യം വിളിച്ച  ഹൈബി ഈഡൻ അറസ്റ്റ്‌ ആരംഭിച്ചപ്പോൾ അപ്രത്യക്ഷനായി. ടി എൻ പ്രതാപൻ മാധ്യമങ്ങൾക്കു മുന്നിൽ ആഞ്ഞടിച്ചെങ്കിലും പൊലീസിനെ കണ്ടതോടെ സ്ഥലംവിട്ടു. ബെന്നി ബഹ്‌ന്നാനും അതേവഴിയിൽ രക്ഷപ്പെട്ടു. ഘടകകക്ഷി എംപി എൻ കെ പ്രേമചന്ദ്രൻ പ്രകടനത്തിന്റെ മുൻപന്തിയിൽ ഉണ്ടായെങ്കിലും പെട്ടെന്ന്‌ കാണാതായി.

പ്രതിഷേധമില്ലാത്തത് ഇവർക്ക‍്   


ശശി തരൂർ (തിരുവനന്തപുരം),  അടൂർ പ്രകാശ്‌(ആറ്റിങ്ങൽ),  എം കെ രാഘവൻ (കോഴിക്കോട്‌),  ഡീൻ കുര്യാക്കോസ്‌ (ഇടുക്കി) എന്നിവർ പ്രതിപക്ഷത്തിന്റെ പ്രതിഷേധപ്രകടനം കണ്ട ഭാവം നടിച്ചില്ല. മുസ്ലിംലീഗ്‌ എംപിമാരായ അബ്‌ദുസമദ്‌ സമദാനി, ഇടി മുഹമ്മദ്‌ ബഷീർ, അബ്‌ദുൾ വാഹാബ്‌ എന്നിവരും പ്രതിഷേധത്തിന്‌ എത്തിയില്ല.
അറസ്റ്റ്‌ വരിച്ചവർ

കെ സുധാകരൻ, വി കെ ശ്രീകണ്‌ഠൻ, ആന്റോ ആന്റണി, രമ്യ ഹരിദാസ്‌, കൊടിക്കുന്നിൽ സുരേഷ്‌ , കെ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർക്ക്‌ പുറമേ രാജ്യസഭാംഗം ജെബി മേത്തറും അറസ്റ്റ്‌ വരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top