20 April Saturday
ഒരിടത്ത്‌ ബിജെപി സഖ്യം മറ്റൊരിടത്ത്‌ ജമാ അത്തെ ഇസ്ലാമി

പാലക്കാട്ട്‌ അടിപൊളി കോൺഗ്രസ്‌ സഖ്യം ; വളപട്ടണത്ത്‌ ലീഗ്‌ ജമാഅത്തെ സഖ്യം; വയനാട്ടിൽ ബിജെപി സ്ഥാനാർഥികളായി കോൺഗ്രസ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


പാലക്കാട്‌
ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസ്‌ ഒരു വശത്ത്‌ ബിജെപിയുമായും,  മറുവശത്ത്‌ ജമാഅത്തെ  ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായും  പരസ്യസഖ്യത്തിൽ.  

വെള്ളിനേഴി, പൂക്കോട്ടുകാവ്‌, വിളയൂർ, കോങ്ങാട്‌, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകൾ, പട്ടാമ്പി, ചിറ്റൂർ–-തത്തമംഗലം നഗരസഭകൾ എന്നിവിടങ്ങളിൽ ബിജെപിയുമായാണ്‌ കോൺഗ്രസിന്‌‌  സഖ്യം‌.  മണ്ണാർക്കാട്‌ നഗരസഭയിലും കടമ്പഴിപ്പുറം, പുതുക്കോട്‌, വടക്കഞ്ചേരി പഞ്ചായത്തുകളിലും വെൽഫെയർപാർടി, പോപ്പുലർ ഫ്രണ്ട്‌ എന്നിവയുമായും കോൺഗ്രസ്‌ സഖ്യത്തിലാണ്‌.  395 വാർഡുകളിൽ കോൺഗ്രസ് ‌–- ബിജെപി ധാരണയിലാണ്‌ മത്സരിക്കുന്നത്‌.

വളപട്ടണത്ത്‌ ലീഗ്‌–- ജമാഅത്തെ സഖ്യം; കോൺഗ്രസ്‌ ഔട്ട്‌
വളപട്ടണം പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണിയിലെ ‘ഐക്യം’ പുഴയെടുത്തു.  കോൺഗ്രസിനെ ഒഴിവാക്കി മുസ്ലീം ലീഗ്‌ ജമാ അത്തെ ഇസ്ലാമിയുമായാണ്‌ സഖ്യം.  സൗഹൃദ മത്സരമെന്നാണ്  കെ സുധാകരൻ എംപി ഇതിനെ വിശേഷിപ്പിക്കുന്നത്‌.

13 വാർഡിൽ പന്ത്രണ്ടിടത്തും ലീഗ്‌ –- വെൽഫെയർ പാർടി സഖ്യം  മത്സരിക്കുന്നു. ലീഗ്‌ പത്തിലും വെൽഫെയർ പാർടി രണ്ടിടത്തും. ഒമ്പത്‌ വാർഡിൽ കോൺഗ്രസ്‌ ഒറ്റയ്‌ക്കും മത്സരിക്കുന്നു. കഴിഞ്ഞ  തവണ വളപട്ടണത്ത്‌ കോൺഗ്രസിന്‌ ആറും ലീഗിന്‌ മൂന്ന്‌ സീറ്റുമായിരുന്നു. എൽഡിഎഫ്‌ രണ്ട്‌. വെൽഫെയർ പാർടി –-1, സ്വതന്ത്രൻ –-1 എന്നിങ്ങനെയാണ്‌  കക്ഷിനില.   ഭരണത്തിനിടെ  കോൺഗ്രസും ലീഗും പലതവണ തെറ്റി.  കോൺഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ രാജിവയ്‌ക്കേണ്ടിയും വന്നു. ഇത്തവണ നേരത്തെ തർക്കം തുടങ്ങിയതിനാൽ   മത്സരരവും നേരിട്ടായി.


 

ബിജെപി സ്ഥാനാർഥികളായി കോൺഗ്രസ്‌ നേതാക്കൾ
വയനാട്ടിൽ ബിജെപി സ്ഥാനാർഥികളായി കോൺഗ്രസ്‌ നേതാക്കൾ. മീനങ്ങാടി ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അംബികാ കേളു  മീനങ്ങാടി ഡിവിഷനിൽ ‌ ബിജെപി സ്ഥാനാർഥിയായി ജില്ലാപഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നു‌. നേരത്തെ ഇവർ മീനങ്ങാടി പഞ്ചായത്തിൽ യുഡിഎഫ്‌‌ അംഗമായിരുന്നു.

കോൺഗ്രസിന്റെ ഇരുളം മുൻ മണ്ഡലം പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ പനമരം ബ്ലോക്ക്‌ പഞ്ചായത്തിലെ‌ ഇരുളം ഡിവിഷനിൽ  എൻഡിഎ സ്ഥാനാർഥിയാണ്‌. പൂതാടി പഞ്ചായത്ത്‌ മുൻ കോൺഗ്രസ്‌ മെമ്പർ രുഗ്മിണി കൊല്ലിക്കൽ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ താമസിക്കുന്ന വാർഡിലാണ്‌  ബിജെപി ടിക്കറ്റിലെത്തിയത്‌‌.

ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ട്‌: ഹസ്സൻ
ജമാ അത്തെ ഇസ്ലാമിയുടെ വെൽഫയർ പാർടി മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യമുണ്ടെന്നും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ. മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത യോഗമാണ്‌ ഈ തീരുമാനം എടുത്തത്‌.

എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച നാല്‌ മിഷനും യുഡിഎഫ്‌ അധികാരത്തിലെത്തിയാൽ പിരിച്ചുവിടും. സർക്കാരിന്റെ അഴിമതിയെക്കുറിച്ചാണ്‌ പറയുന്നതെന്നും രാഷ്ട്രീയനേതാക്കളുടെ അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top