26 April Friday

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 
വിലപേശി കോൺഗ്രസ്‌ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
നെടുമങ്ങാട് > മസ്‌കത്തില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കളോട് വിലപേശി കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ ഭാരവാഹി. മൃതദേഹമെത്തിക്കാൻ ലക്ഷങ്ങൾ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പ്രാദേശിക സിപിഐ എം നേതൃത്വത്തെ വിവരമറിയിച്ചതിനെ തുടർന്ന്‌ നോര്‍ക്കയും മസ്‌കത്ത്‌ കൈരളി പ്രവാസി സംഘവും ചെലവില്ലാതെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന്‌ ബന്ധുക്കളെ അറിയിച്ചു. 
 
നെടുമങ്ങാട് വെമ്പായം നെടുവേലി താന്നിവിള ശിവമന്ദിരത്തില്‍ എസ് വിക്രമന്‍ നായരാ (57) ണ് മസ്‌കത്തിലെ ഇബ്രിലില്‍ സെപ്തംബര്‍ 27ന്‌ ജോലിക്കിടെ ശ്വാസതടസ്സമുണ്ടായി മരിച്ചത്. വിവരമറിഞ്ഞ ബന്ധുക്കള്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇതിനിടയിലാണ് മസ്‌കത്തിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവാണെന്നു പരിചയപ്പെടുത്തി ജമാല്‍ എന്നയാള്‍ വിക്രമന്‍ നായരുടെ മകന്‍ വിശാഖിനെ ഫോണ്‍ചെയ്തത്‌. 
 
നിരന്തരം ഫോണ്‍ചെയ്‌ത് മൃതദേഹം നാട്ടിലെത്തിക്കാന്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.  ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മസ്‌കത്തില്‍ മൃതദേഹം സംസ്‌കരിക്കാമെന്നായി. സംസ്‌കരിച്ച ശേഷം ചിതാഭസ്മം നാട്ടില്‍ എത്തിക്കാൻ അമ്പതിനായിരം രൂപയും ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനില്ലാത്തതിനാൽ ബന്ധുക്കള്‍ പ്രദേശത്തെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം കാര്‍ത്തികേയന്‍ നായരെ  ബന്ധപ്പെട്ട് നോര്‍ക്കയെ സമീപിച്ചു. 
 
നോര്‍ക്കാ ഡയറക്ടര്‍ കെ സി സജീവുവഴി മസ്‌കത്ത്‌ കൈരളി പ്രവാസി സംഘം ഡയറക്‌ടര്‍ ടി എം ജാബിറിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് പണച്ചെലവില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടായത്. ഒക്ടോബര്‍ ഏഴിനു പുലര്‍ച്ചെ മൃതദേഹം നാട്ടിലെത്തിക്കും. സജ്‌ന വി നായരാണ് വിക്രമന്‍ നായരുടെ ഭാര്യ. വൈശാഖാണ് മറ്റൊരു മകന്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top