29 March Friday

കൊടിയത്തൂർ മുക്കുപണ്ട പണയ തട്ടിപ്പ്; കോൺഗ്രസ്‌ നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മുക്കം > മുക്കുപണ്ടം പണയംവച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്ത് അറസ്‌റ്റിൽ. മുക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്‌തത്. 27 ലക്ഷം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്നു മുഖ്യപ്രതിയായ ബാബു പൊലുകുന്നത്ത്.  കേരള  ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖ മാനേജരുടെ പരാതിയിലാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ബാബു പൊലുകുന്നത്ത്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറിയിലെ വിഷ്‌ണു കയ്യൂണമ്മൽ, സഹപ്രവർത്തകൻ മാട്ടുമുറി സ്വദേശി സന്തോഷ്, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവരാണ്‌ പ്രതികൾ. ഇവർ റിമാൻഡിലാണ്‌.

അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം അപ്രൈസര്‍ മുക്കം സ്വദേശി മോഹനൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തുവച്ച് 11 മണിയോടെയാണ് മോഹനൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നര ലക്ഷം രൂപയാണ് വൈസ് പ്രസിഡന്റ്‌ തട്ടിയത്. മൊത്തം 27.60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്‌. ബാങ്ക് ഹെഡ് ഓഫീസിൽനിന്നെത്തിയ ഉദ്യോഗസ്ഥരാണ്‌ തട്ടിപ്പ് കണ്ടെത്തിയത്. പണയം വച്ച മുക്കുപണ്ടം പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ബാബുവിന്റെ കൂട്ടുപ്രതികളായ വിഷ്ണുവും സന്തോഷും പെരുമണ്ണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച കേസിൽ റിമാൻഡിലാണ്‌.
 
നിരവധി ബാങ്കുകളിൽ ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയതായി സൂചനയുണ്ട്. നിലവിൽ മൂന്ന് ബാങ്കുകളിൽ നടത്തിയ തട്ടിപ്പാണ് പുറത്തുവന്നത്. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്‌. ഇതിനിടെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ച് ബാബുവിനെ രക്ഷപ്പെടുത്താൻ കോൺഗ്രസുകാരനായ ഒരു പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു. രണ്ട് നേതാക്കൾ ഉൾപ്പെട്ട സംഘം നടത്തിയ പണം തട്ടിപ്പ് കേസിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top