26 April Friday

കോൺഗ്രസ്‌ പ്രതിഷേധം 
കേരളത്തോട്‌

പ്രത്യേക ലേഖകൻUpdated: Sunday Mar 26, 2023

തിരുവനന്തപുരം
രാഹുൽ ഗാന്ധിയെ തുറങ്കിലിടാൻ ഫാസിസ്റ്റ്‌ രീതിയിൽ കേന്ദ്രം നടപടിയെടുക്കുമ്പോഴും കോൺഗ്രസ്‌ സമരം സംസ്ഥാന സർക്കാരിനെതിരെ.  രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച്‌  കോൺഗ്രസുകാർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ സമരങ്ങൾ അക്രമാസക്തമായി. പൊലീസിനെ ആക്രമിച്ചു. പൊതുമുതൽ നശിപ്പിച്ചു.

വെള്ളിയാഴ്‌ച രാത്രി രാജ്‌ഭവന്‌ മുന്നിൽ യൂത്ത്‌ കോൺഗ്രസ്‌ മാർച്ച്‌ പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞെങ്കിലും റോഡിൽ പ്രതിഷേധിക്കാൻ അനുവദിച്ചു. എന്നാൽ, ഏതാനുംപേർ പൊലീസിനുനേരെ മുദ്രാവാക്യം മുഴക്കി ആക്രമണം അഴിച്ചുവിട്ടു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊതുമുതൽ നശിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌തു. പൊലീസുകാരന്റെ തലയ്ക്കാണ്‌ പരിക്ക്‌. കേന്ദ്ര സർക്കാരിനും ആർഎസ്‌എസിനും എതിരെ പ്രതിഷേധിക്കുന്നതിനുപകരം കേരളത്തിലെ പൊലീസിനെ ആക്രമിച്ച്‌ സമരം വഴിമാറ്റാനുള്ള നീക്കം ബിജെപിയെ സഹായിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്‌.

അതേസമയം, രാഹുൽ ഗാന്ധിയെ കേന്ദ്രം വളഞ്ഞിട്ടാക്രമിക്കുമ്പോഴും കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ കുലുക്കമില്ല. സംഘപരിവാറിനെതിരെ ശക്തമായ നിലപാട്‌ എടുക്കാൻ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തയ്യാറാകാത്തതിന്റെ അമ്പരപ്പിലാണ്‌ അണികൾ. താൻ മോദിക്കെതിരെയാണ്‌ കഴിഞ്ഞദിവസം പറഞ്ഞതെന്ന്‌  വിശദീകരിക്കേണ്ട ഗതികേടിലാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. പ്രതികരണത്തിൽ ‘കറുത്തശക്തികൾ’ മോദിയെ ഉദ്ദേശിച്ചാണെന്ന്‌ അദ്ദേഹത്തിന്‌ പറയേണ്ടിവന്നു. സമരത്തിനിടെ പരസ്പരം ഏറ്റുമുട്ടിയും കോൺഗ്രസ്‌ നാണക്കേടുണ്ടാക്കി. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സാലി വട്ടക്കൊല്ലിയെയാണ്‌ കെപിസിസി അംഗം പി പി ആലിയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട്‌ ആക്രമിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top