നെടുങ്കണ്ടം > കർഷകർക്ക് അനുകൂലമായ ഭൂപതിവ് ഭേദഗതി ബിൽ നിയമസഭയിൽ പാസായതിലൂടെ മലയോരത്തിന് വികസനത്തിന്റെ പുതിയ മുഖം കൈവന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി പ്രസ്‍താവനയിൽ പറഞ്ഞു. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ബില്ല് കാലാനുസൃതമായി ഭേദഗതിചെയ്യാൻ എൽഡിഎഫ് എടുത്ത തീരുമാനത്തെ നിയമസഭയ്‍ക്കുള്ളിൽ പിന്താങ്ങുകയും ബില്ല് കീറിയെറിഞ്ഞും കത്തിച്ചും സങ്കീർണത നിറഞ്ഞതാണെന്നും സഭയ്‍ക്കുപുറത്തും മാധ്യമങ്ങളിലൂടെയും പ്രസംഗിക്കുന്ന കോൺഗ്രസിന്റെ കപടനയമാണ് വ്യക്തമാക്കുന്നത്. നിലവിലുള്ള നിർമിതികൾ ക്രമവൽക്കരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ നിർമിതികളും സാധുവാക്കപ്പെടും. പുതിയ നിർമിതി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ചട്ടം രൂപീകരിക്കുന്നതിലൂടെ സാധ്യമാകും.
ഭൂമിസംബന്ധമായ മുഴുവൻ സങ്കീർണ്ണതകളും പരിഹരിക്കാൻ പര്യാപ്തമായ ബില്ലിനെ വികലമായി ചിത്രീകരിക്കാനാണ് യുഡിഎഫും ചില സംഘടനകളും ശ്രമിക്കുന്നത്. ചട്ടരൂപീകരണത്തിൽ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കാൻ അവസരമുണ്ടെന്നിരിക്കെ ബില്ല് സംബന്ധിച്ച പഠനം നടത്താനോ ഭൂപ്രശ്നങ്ങൾ പഠിക്കാനോ തയ്യാറാകാതെ രാഷ്ട്രീയ-സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇവർ. 1960 ഭൂനിയമത്തിൽ ഭേദഗതി വേണ്ടായെന്നും നാലാം ഖണ്ഡികയിൽ തിരുത്തൽമാത്രം മതിയെന്ന് വാദിച്ചിരുന്നവർ ഭൂപ്രശ്നങ്ങൾ ഒരിക്കലും തീരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്ന് വ്യക്തമാകുന്നു.
ഇപ്പോൾ നിയമസഭ പാസാക്കിയ ഭൂ ഭേദഗതി ബില്ലിനനുസൃതമായി ചട്ടം രൂപീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ പട്ടയഭൂമിയിലെയും സങ്കീർണ്ണതകളാണ് മാറുക. ഇത് ഇടുക്കി ജില്ലയ്‌ക്ക് മാത്രമാണെന്ന വിധത്തിലുള്ള ചർച്ചകളാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ മുഴുവൻ ബാധിക്കുന്ന വിഷയത്തിൽ എൽഡിഎഫിന് ഉണ്ടാകുന്ന മുന്നേറ്റം കുറച്ചുകാണിക്കാനുള്ള ശ്രമാണ് ഇവർ നടത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..