20 April Saturday

വേണുഗോപാലിനെ കുടഞ്ഞ്‌ പ്രതിനിധികൾ; പല വിഷയത്തിലും അടി

സ്വന്തം ലേഖകൻUpdated: Monday May 16, 2022

ഉദയ്‌പുർ> സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കോൺഗ്രസ്‌ ചിന്തൻ ശിബിരത്തിൽ പ്രതിനിധികളുടെ നിശിതവിമർശം. പ്രവർത്തനശൈലിയും ഇംഗ്ലീഷ്‌– ഹിന്ദി ഭാഷകളിലെ പ്രാവീണ്യക്കുറവുമാണ്‌ വിമർശിക്കപ്പെട്ടത്‌. വേണുഗോപാലുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന്‌ ഉത്തരേന്ത്യൻ പ്രതിനിധികൾ വിമർശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി തോറ്റിട്ടും സംഘടനാ ജനറൽ സെക്രട്ടറിക്ക്‌ ഇളക്കമില്ലാത്തതും വിമർശവിധേയമായി. കർണാടകത്തിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയശേഷം കോൺഗ്രസ്‌ സർക്കാരുകൾ നിലംപൊത്തിയതും ഹരിയാനപോലുള്ള സംസ്ഥാനങ്ങളിൽ വിജയസാധ്യതയുണ്ടായിട്ടും തോറ്റതും സംഘടനയെ ചലിപ്പിക്കുന്നതിൽ ജനറൽ സെക്രട്ടറിക്ക്‌ സംഭവിച്ച പാളിച്ചയായി വിലയിരുത്തപ്പെട്ടു. സംഘടനാ വിഷയങ്ങൾ ചർച്ചചെയ്‌ത സമിതിയിലാണ്‌ വേണുഗോപാലിനെതിരെ കൂടുതൽ വിമർശമുണ്ടായത്‌.

കടുത്ത വിമർശമുയർന്നിട്ടും വിശ്വസ്‌തനെ സംരക്ഷിക്കുന്ന നിലപാടാണ്‌ രാഹുൽ ഗാന്ധി സ്വീകരിച്ചത്‌. ഡിസിസിതലം വരെയുള്ള ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ നടപടിയെടുക്കാനുള്ള അധികാരംകൂടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്ക്‌ കൈമാറി.

എന്നാൽ, ഭാരവാഹിത്വത്തിൽ അഞ്ചുവർഷ പരിധിയെന്ന നിബന്ധന വേണുഗോപാലിന്‌ തിരിച്ചടിയാകുമോയെന്ന്‌ വ്യക്തമല്ല. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ അദ്ദേഹം തെറിക്കും. 2017ലാണ്‌ അദ്ദേഹം ജനറൽ സെക്രട്ടറിയായത്‌. 2019 ജനുവരിയിൽ സംഘടനാ ചുമതലകൂടി ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top