26 April Friday

സതീശനെ കടന്നാക്രമിച്ച്‌ ചെന്നിത്തല; രാഷ്‌ട്രീയകാര്യസമിതി യോഗം പ്രക്ഷുബ്ധമാകും

പ്രത്യേക ലേഖകൻUpdated: Tuesday Jan 4, 2022

തിരുവനന്തപുരം > രമേശ്‌ ചെന്നിത്തല–-വി ഡി സതീശൻ പോര്‌ ചൊവ്വാഴ്‌ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയെ പ്രക്ഷുബ്ധമാക്കും. താനും കെ സുധാകരനും പറയുന്നതാണ്‌ കോൺഗ്രസിന്റെ അഭിപ്രായമെന്ന നിലപാടിൽ വി ഡി സതീശനും നിലപാടിലുറച്ച്‌  ചെന്നിത്തലയും തിങ്കളാഴ്‌ചയും കൊമ്പുകോർത്തു. സതീശന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കുന്നില്ലെന്നു പറഞ്ഞ ചെന്നിത്തല താനും ആ പദവിയിൽ ഇരുന്നയാളാണെന്ന ഒളിയമ്പും എയ്‌തു.

സൂപ്പർ പ്രതിപക്ഷ നേതാവ്‌ ചമയാനുള്ള ചെന്നിത്തലയുടെ നീക്കങ്ങളാണ്‌ സതീശനെയും സുധാകരനെയും ചൊടിപ്പിച്ചിരിക്കുന്നത്‌. ചെന്നിത്തലയുടെ ‘ഒറ്റയാൾ പോരാട്ട’ത്തിനെതിരെ ആറു മാസത്തെ ഇടവേളയ്‌ക്കുശേഷം ചേരുന്ന രാഷ്‌ട്രീയകാര്യസമിതിയിൽ കടുത്ത എതിർപ്പ്‌ ഉയരുമെന്ന്‌ വ്യക്തമാണ്‌. പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന എ, ഐ ഗ്രൂപ്പുകളും നേതൃത്വത്തിനെതിരെ പരസ്യപ്രതികരണത്തിന്‌ മുതിരും.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള ശുപാർശ കേരള സർവകലാശാല തള്ളിയെന്ന ചെന്നിത്തലയുടെ ആരോപണവും അത്‌ ഏറ്റുപിടിക്കാതെയുള്ള സതീശന്റെ നിലപാടുമാണ് കോൺഗ്രസ്‌ പോര്‌ പുതിയ തലത്തിൽ എത്തിച്ചത്‌. സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് രമേശ് ചെന്നിത്തല ഡി -ലിറ്റ് വിവാദത്തില്‍ വ്യാഖ്യാനം ചമച്ചതെങ്കിലും സതീശന്റെ എതിർ നിലപാടിൽ സ്വയം വെട്ടിലാവുകയായിരുന്നു.  ബിജെപിയുടെ നാവായി മാറാനുള്ള  ഇടപെടലാണ് ചെന്നിത്തലയിൽനിന്ന്‌ ഉണ്ടായതെന്ന്‌ ഔദ്യോഗിക നേതൃത്വം ആരോപിച്ചു. വിഷയം പാർടിക്കകത്തെ തർക്കമെന്നനിലയിലേക്ക് വഴിമാറ്റിയതിന് പ്രതിപക്ഷനേതാവിനെ കുറ്റപ്പെടുത്തുകയാണ്‌ ചെന്നിത്തല.

പാർടിയുമായി ആലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന ചെന്നിത്തല സമാന്തര പ്രതിപക്ഷനേതാവ് ചമയുകയാണോയെന്ന സന്ദേഹവും നേതൃത്വത്തിലാകെയുണ്ട്‌. ആലപ്പുഴയിൽ കുട്ടികളുടെ ക്യാമ്പിൽ മുഖ്യമന്ത്രിസ്ഥാനം താനാഗ്രഹിച്ചിരുന്നെന്നും പോരാട്ടം തുടരുമെന്നും ചെന്നിത്തല തുറന്നുപറഞ്ഞത്‌ ഇതുമായി ചേർത്തുവായിക്കുന്നവരുണ്ട്‌.

സതീശൻ പറഞ്ഞതാണ്‌ 
യുഡിഎഫ്‌ അഭിപ്രായം: ഹസ്സൻ

കൊച്ചി > ഡി ലിറ്റ്‌ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയെ തള്ളി യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും.  രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ വ്യക്തിപരമായ അഭിപ്രായമാണ്‌.  പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞതാണ്‌ യുഡിഎഫ്‌ അഭിപ്രായം.  സിൽവർലൈന്‌ എതിരെ പ്രക്ഷോഭം നടത്തുന്നവരെ കൂടെകൂട്ടുമെന്നും ഹസ്സൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top