19 April Friday

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌; പട്ടികയ്‌ക്ക്‌ പിന്നാലെ തമ്മിലടിച്ച്‌ ഗ്രൂപ്പുകൾ

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

തിരുവനന്തപുരം
കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ ഭാഗികമായി പ്രഖ്യാപിച്ചതിന്‌ പിന്നാലെ തമ്മിലടി രൂക്ഷം. ഡിസിസി യോഗങ്ങളടക്കം ബഹിഷ്‌കരിക്കാനും ശേഷിക്കുന്ന പുനഃസംഘടനാ നടപടികളുമായി സഹകരിക്കേണ്ടെന്നുമാണ്‌ എ ഗ്രൂപ്പിന്റെ നിലപാട്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ഇഷ്ടക്കാരെ ബ്ലോക്ക്‌ പ്രസിഡന്റുമാരായി കുത്തിനിറച്ചെന്ന പരാതി ഐ ഗ്രൂപ്പിനുമുണ്ട്‌.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ പുനഃസംഘടന നടത്തിയതെന്ന എം കെ രാഘവൻ എംപിയുടെ പ്രതികരണം ഇരു ഗ്രൂപ്പുകളുടെയും അസംതൃപ്‌തിയാണ്‌ വ്യക്തമാക്കുന്നത്‌. 11 ജില്ലകളിലെ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന്‌ പിന്നാലെ നടന്ന എറണാകുളം ഡിസിസി യോഗത്തിൽനിന്നാണ്‌ എ ഗ്രൂപ്പ്‌ വിട്ടുനിന്നത്‌. മറ്റ്‌ ജില്ലകളിലും ഇതേ നിലപാട്‌ സ്വീകരിക്കാനാണ്‌ എ ഗ്രൂപ്പ്‌ നീക്കം.

പട്ടികയിൽ അടിയന്തര മാറ്റം വേണമെന്ന്‌ എ, ഐ ഗ്രൂപ്പുകൾ ശക്തമായ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌ നേതൃത്വത്തെയും കുഴപ്പിക്കുകയാണ്‌.
283 ബ്ലോക്കുകളിൽ 197 ഇടത്ത്‌ മാത്രമാണ്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. ഇതിൽ 70 ഇടത്തും തർക്കങ്ങളിൽ ചർച്ചയില്ലാതെയാണ്‌ പ്രഖ്യാപനമെന്നാണ്‌ ഗ്രൂപ്പുകളുടെ ആക്ഷേപം. തിരുവനന്തപുരം,  കോട്ടയം, മലപ്പുറം ജില്ലകളിൽ തർക്കം രൂക്ഷമായതിനാൽ ഇനിയും പ്രഖ്യാപനമായിട്ടില്ല. തിരുവനന്തപുരത്തെ ആകെയുള്ള 28 ബ്ലോക്കുകളിൽ 26 ഇടത്തും തർക്കം തുടരുകയാണ്‌.
|
ആലപ്പുഴയിൽ 
വേണുഗോപാലിന്റെ 
ആധിപത്യം

ആലപ്പുഴയിൽ ബ്ലോക്ക്‌ പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോൾ എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ വിഭാഗം ആധിപത്യം നേടി. 18 ബ്ലോക്ക്‌ പ്രസിഡന്റുമാരിൽ ഒമ്പതുപേരും വേണുഗോപാൽ പക്ഷക്കാരാണ്‌. ചെന്നിത്തല വിഭാഗത്തിന്‌ അഞ്ചും എ വിഭാഗത്തിന്‌ മൂന്നും മാത്രം. ഇതോടെ ചെന്നിത്തല വിഭാഗവും എ വിഭാഗവും മണ്ഡലം പുനഃസംഘടനാ യോഗങ്ങൾ ബഹിഷ്‌കരിച്ചു. ശനിയാഴ്‌ച ഡിസിസി ഓഫീസിൽ ചേരാൻ നിശ്‌ചയിച്ച യോഗത്തിന്‌ എ എ ഷുക്കൂർ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവർ എത്തിയില്ല. പ്രധാന നേതാക്കൾ എത്താത്തതിനാൽ യോഗം ഉപേക്ഷിച്ചു.

കണ്ണൂരിൽ 
സുധാകരന്‌ മേൽക്കൈ

കണ്ണൂർ ജില്ലയിൽ 23ൽ 15 ബ്ലോക്കും കെ സുധാകരൻ വിഭാഗം കൈയടക്കി. അഞ്ചിടത്തുമാത്രം പ്രസിഡന്റുപദം ലഭിച്ച എ വിഭാഗം പരസ്യമായി കലാപക്കൊടി ഉയർത്തി. ചുമതല ഏറ്റെടുക്കേണ്ടെന്ന്‌ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പുതിയ ബ്ലോക്ക്‌ പ്രസിഡന്റുമാരോട്‌ നിർദേശിച്ചു. നേരത്തെ എട്ട്‌ ബ്ലോക്ക്‌ എ വിഭാഗത്തിന്‌ ഉണ്ടായിരുന്നു.
 കാസർകോട്ട്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോൾ എ വിഭാഗത്തിന്‌ പതിനൊന്നിൽ നാലുമാത്രം. ഏഴിടത്ത്‌ ഐ വിഭാഗത്തിനാണ്‌ പ്രസിഡന്റുപദം. മുമ്പ്‌ ആറിടത്ത്‌ എ വിഭാഗക്കാരായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ പട്ടിക അട്ടിമറിക്കാൻ ഇടപെട്ടെന്ന്‌ എ വിഭാഗം പറയുന്നു.
പത്തനംതിട്ടയിലും 
      ഇടുക്കിയിലും 
       പരാതിപ്രളയം|

പത്തനംതിട്ടയിൽ പി ജെ കുര്യനും ഡിസിസി പ്രസിഡന്റും എംപിയുമടങ്ങുന്ന മൂവർസംഘമാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് ആക്ഷേപം. നിരവധിപേർ കെപിസിസിക്ക് പരാതി അയച്ചു.

 ഇടുക്കിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴഞ്ഞതായാണ്‌ പരാതി. പ്രസിഡന്റുപദവിക്ക് അർഹരാണെന്നുകാട്ടി ചിലർ പരാതിയും നൽകി.  കേരള കോൺഗ്രസിൽ നിന്നെത്തിയയാൾക്ക് പദവി നൽകിയതിലും അസംതൃപ്‌തിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top