25 April Thursday

മുൻ ഡിസിസി പ്രസിഡന്റുമാർ കടുത്ത നിലപാടിലേക്ക്‌; ഗ്രൂപ്പുകൾ കലാപത്തിന്‌ ; കെപിസിസി പട്ടിക ഇന്ന് വന്നേക്കും

പ്രത്യേക ലേഖകൻUpdated: Sunday Oct 10, 2021



തിരുവനന്തപുരം
കെപിസിസി ഭാരവാഹിപ്പട്ടിക ഞായറാഴ്‌ച പുറത്തുവരുമെന്ന്‌ സൂചന വന്നതിനുപിന്നാലെ കോൺഗ്രസിൽ കലാപത്തിന്‌ ഗ്രൂപ്പുകളുടെ  പടയൊരുക്കം.
ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയ ആറു പേർ പാർടി വിടുമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. മുതിർന്ന നേതാക്കളായ തമ്പാനൂർ രവി, ജോസഫ്‌ വാഴക്കൻ തുടങ്ങിയവരെ ഒഴിവാക്കുമെന്ന്‌ ഉറപ്പായി.

മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അസംതൃപ്‌തി പരസ്യമാക്കി. തങ്ങൾ നിർദേശിച്ചവർ ഇല്ലെങ്കിൽ കടുത്ത നടപടികളിലേക്ക്‌ നീങ്ങുമെന്ന്‌ എ, ഐ ഗ്രൂപ്പുകൾ വ്യക്തമാക്കി. മുൻ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹിത്വത്തിൽ നീക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ചിലർക്ക്‌ ഇളവ്‌ നൽകിയതായാണ്‌ സൂചന. ബിന്ദു കൃഷ്‌ണ ഇക്കൂട്ടത്തിലുണ്ട്‌. പത്മജ വേണുഗോപാലിനെ മഹിളാ പ്രാതിനിധ്യത്തിൽ ഉൾപ്പെടുത്തി.

അന്തിമപട്ടിക തയ്യാറാക്കും മുമ്പ്‌ കൂടിയാലോചിക്കുമെന്ന്‌ പറഞ്ഞിട്ടുണ്ടെന്നും അതുണ്ടാകുമോയെന്നാണ്‌ നോക്കുന്നതെന്ന്‌ രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട്‌ പറഞ്ഞു. കെ സി വേണുഗോപാലിന്റെ മേൽനോട്ടത്തിലാണ്‌ ഭാരവാഹിപ്പട്ടികയ്‌ക്ക്‌ അന്തിമരൂപം നൽകിയത്‌. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയ പേരുകളിൽ പലരെയും അംഗീകരിച്ചിട്ടില്ല. വി പി സജീന്ദ്രൻ, വി ടി ബൽറാം, ആര്യാടൻ ഷൗക്കത്ത്‌ തുടങ്ങിയവർ പട്ടികയിലുണ്ട്‌.

പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വടക്കൻ ജില്ലകളിൽ നിന്നുള്ള മൂന്ന്‌ മുൻ ഡിസിസി  പ്രസിഡന്റുമാരടക്കമാണ്‌ പാർടി വിടാനൊരുങ്ങുന്നത്‌. പട്ടിക വരുമ്പോൾ കാണാമെന്നാണ്‌ നേതാക്കളുടെ വെല്ലുവിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top