25 April Thursday

കോൺഗ്രസ്‌ പുനഃസംഘടന ; ജില്ലാ സമിതികൾ അപ്രസക്തം, 
കൂട്ടയടിക്ക്‌ തുടക്കം

പ്രത്യേക ലേഖകൻUpdated: Tuesday Feb 7, 2023


തിരുവനന്തപുരം
കോൺഗ്രസ്‌ ബ്ലോക്ക്‌, ഡിസിസി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ജില്ലാ സമിതികൾ അന്തിമ പട്ടിക തയ്യാറാക്കേണ്ടെന്ന പുതിയ നിർദേശം കലാപം രൂക്ഷമാക്കി. തിരുവനന്തപുരം അടക്കം ഒട്ടുമിക്ക ഡിസിസികളും പുതിയ നിർദേശത്തിനെതിര്‌. നിശ്ചയിച്ച തീയതിക്ക്‌ പട്ടിക കിട്ടില്ലെന്നും പുനഃസംഘടനതന്നെ നീളുമെന്നുമാണ്‌ പുതിയ തർക്കം തെളിയിക്കുന്നത്‌.

കാസർകോട്ടും പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി ജില്ലാ സമിതി യോഗങ്ങൾ തല്ലിപ്പിരിഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജില്ലാ സമിതികൾ ഭാരവാഹികളുടെ നിർദേശങ്ങൾ സ്വീകരിച്ച്‌ അതിൽനിന്ന്‌ സാധ്യതാപട്ടിക കെപിസിസിക്ക്‌ നൽകണമെന്നായിരുന്നു ആദ്യ നിർദേശം. എന്നാൽ, നിർദേശങ്ങൾ മുഴുവൻ നൽകാനും ഭാരവാഹികളെ കെപിസിസി തീരുമാനിക്കുമെന്നും സർക്കുലർ തിരുത്തി. കെ സുധാകരന്‌ കാര്യമായ സ്വാധീനമില്ലാത്ത കമ്മിറ്റികൾ വരുമെന്ന ഭയമാണ്‌ പുതിയ സർക്കുലറിനു പിന്നിലെന്ന്‌ ഒരു വിഭാഗം പറയുന്നു.

ഡിസിസി ഭാരവാഹികളും എക്സിക്യൂട്ടീവ്‌ അംഗങ്ങളും ബ്ലോക്ക്‌ അധ്യക്ഷരും ഉൾപ്പെടെ നൂറോളം ഭാരവാഹികൾ മിക്ക ജില്ലകളിലുമുണ്ടാകും. കാസർകോട്‌ ഡിസിസി അധ്യക്ഷൻ പി കെ ഫൈസലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഭൂരിപക്ഷം അംഗങ്ങളും രംഗത്ത്‌ വന്നതോടെ യോഗം തല്ലിപ്പിരിഞ്ഞു. പത്തനംതിട്ട ജില്ലാ സമിതി യോഗം  മുൻ ഡിസിസി അധ്യക്ഷരായ കെ ശിവദാസൻനായരും ബാബുജോർജും മോഹൻരാജും കലാപമുയർത്തി ബഹിഷ്കരിച്ചു. മാറിനിൽക്കുന്നവരെ കൂടി ഭാരവാഹിത്വത്തിലേക്ക്‌ കൊണ്ടുവന്ന്‌ സജീവമാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. അത്‌ നടക്കില്ലെന്നാണ്‌ ഡിസിസി അധ്യക്ഷൻ സതീഷ്‌ കൊച്ചുപറമ്പിൽ പറയുന്നത്‌. തിരുവനന്തപുരത്ത്‌ ഡിസിസി അധ്യക്ഷൻ പാലോട്‌ രവിയുടെ നേതൃത്വത്തിലുള്ള സംഘവും പുതിയ നിർദേശത്തിന്‌ എതിരാണ്‌. തീരുമാനം എടുക്കാൻ കഴിയാത്ത സമിതി എന്തിന്‌ രൂപീകരിച്ചെന്നും ഭാരവാഹികൾ ചോദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top