20 April Saturday
ആലോചിച്ചുവേണം പുറത്ത്‌ അഭിപ്രായങ്ങൾ 
പറയാനെന്ന്‌ വേണുഗോപാൽ

തന്ത്രം മാറ്റി തരൂർ , കോൺഗ്രസിൽ പുതിയ പോർമുഖം ; കൈവിട്ട്‌ പ്രോത്സാഹിപ്പിച്ച കെ മുരളീധരനും മലക്കംമറിഞ്ഞു

പ്രത്യേക ലേഖകൻUpdated: Friday Jan 13, 2023

image credit Ramesh Chennithala twitter


തിരുവനന്തപുരം
കോൺഗ്രസ്‌ നേതൃത്വത്തിന്‌ കീറാമുട്ടിയായ ശശി തരൂരിനെ നേരിടാൻ കെപിസിസിയിൽ ഗ്രൂപ്പ്‌ മറന്ന്‌ ഐക്യം. വെള്ളിയാഴ്‌ച കെ കരുണാകരൻ മന്ദിര നിർമാണോദ്ഘാടനച്ചടങ്ങിൽ നേതാക്കൾ തരൂരിനെതിരെ ആഞ്ഞടിച്ചു. ഇത്രയുംനാൾ തരൂരിനെ കൈവിട്ട്‌ പ്രോത്സാഹിപ്പിച്ചിരുന്ന കെ മുരളീധരനും മലക്കംമറിഞ്ഞു. തീരുമാനങ്ങൾ പാർടിയും ഹൈക്കമാൻഡും എടുക്കുമെന്നായി നിലപാട്‌.

അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന്‌ പറഞ്ഞിട്ടില്ലെന്നും അതെല്ലാം പാർടിയാണ്‌ തീരുമാനിക്കേണ്ടെതെന്നും ശശി തരൂർ  കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സമുദായ നേതാക്കളടക്കം ആരൊക്കെ കാണണമെന്നു പറഞ്ഞാലും അത്‌ തുടരുമെന്നും വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ തരൂരിനെതിരായി വിട്ടുവീഴ്‌ച വേണ്ടെന്ന ധാരണ മറ്റു നേതാക്കൾക്കുകൂടി പകർന്നത്‌. പറയാനുള്ളത്‌ പാർടിയിൽ പറയണമെന്നും പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ തോറ്റിട്ട്‌ എന്ത്‌ ചെയ്തിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലോചിച്ചുവേണം പുറത്ത്‌ അഭിപ്രായങ്ങൾ പറയാനെന്ന മുന്നറിയിപ്പും നൽകി.

നാലുവർഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ എന്ത്‌ നടക്കുമെന്ന്‌ ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രിക്കുപ്പായമടക്കം ഇടുന്നവർ അഴിച്ചുവയ്ക്കുന്നതാണ്‌ നല്ലതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി പരാജയപ്പെട്ടാൽ പിന്നെ നിയമസഭയിലേക്ക്‌ നോക്കുകകൂടി വേണ്ടെന്ന്‌ കെ മുരളീധരൻ കൂട്ടിച്ചേർത്തു.

രണ്ടു ദിവസം തിരുവനന്തപുരത്ത്‌ നടന്ന കെപിസിസി എക്സിക്യൂട്ടീവും ഭാരവാഹി യോഗവും പ്രധാനമായി ചർച്ച ചെയ്തത്‌ തരൂരിനെ എങ്ങനെ നേരിടാമെന്നായിരുന്നു. എ കെ ആന്റണിയുടെ പച്ചക്കൊടിയാണ്‌ തരൂരിനെതിരായ ഏകീകരണത്തിന്‌ ബലം പകർന്നത്‌. എന്നാൽ, പാർടിയെ ധിക്കരിക്കില്ലെന്ന പ്രതീതിയിൽ സമാന്തര പ്രവർത്തനം തുടരുകയെന്ന തന്ത്രമാണ്‌ തരൂരിന്റേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top