21 September Thursday

തരൂരിനെതിരെ വിശാല ഗ്രൂപ്പ്‌ ; അട്ടിമറിക്കാനുള്ള ശ്രമം തടയുമെന്ന്‌ വി ഡി സതീശന്റെ മുന്നറിയിപ്പ്‌

ദിനേശ്‌ വർമUpdated: Tuesday Nov 22, 2022തിരുവനന്തപുരം
എ ഗ്രൂപ്പിന്റെയും മുസ്ലിംലീഗിലെ ഒരുവിഭാഗത്തിന്റെയും പിന്തുണയോടെ ശശി തരൂരിനെ മുന്നിൽനിർത്തിയുളള കോൺഗ്രസിലെ പുതിയ നീക്കത്തിന്‌ തടയിടാൻ വിശാലസഖ്യം. തരൂർ അനുകൂലികളും എതിരാളികളും എന്നനിലയിൽ കോൺഗ്രസിൽ വ്യക്തമായ രണ്ട്‌ ചേരി ശക്തിപ്പെട്ടുകഴിഞ്ഞു. ഔദ്യോഗിക ഗ്രൂപ്പുകളും മുരളി ഒഴികെയുള്ള പഴയ ഐ വിഭാഗവും എ വിഭാഗത്തിലെ അസംതൃപ്തരുമടക്കം ചേർക്കാവുന്ന എല്ലാവരെയും ഒന്നിപ്പിച്ച്‌ തരൂരിനെതിരെ അണിനിരത്താനാണ്‌ ആലോചന.  രമേശ്‌ ചെന്നിത്തലയും തരൂർവിരുദ്ധ ക്യാമ്പിലാണ്‌.

പാർടിയെ തകർച്ചയിൽനിന്ന്‌ കരകയറ്റാൻ തങ്ങൾ നടത്തുന്ന നീക്കങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്ന വി ഡി സതീശന്റെ തരൂരിനുള്ള  മുന്നറിയിപ്പ്‌  പുതിയ നീക്കത്തിന്റെ ഭാഗമാണ്‌. തർക്കം പുതിയ തലത്തിലേക്ക്‌ കടന്നതോടെ എം കെ രാഘവനും തരൂരിനും എതിരായി നടപടിയെടുക്കാനും മടിക്കില്ലെന്ന സൂചനയുമുണ്ട്‌.  

ചൊവ്വാഴ്ച മലപ്പുറത്ത്‌ തരൂരിനു നൽകിയ സ്വീകരണത്തിൽ ഡിസിസി അധ്യക്ഷനടക്കം എ ഗ്രൂപ്പ്‌ മുന്നിൽനിന്നതും യുഡിഎഫ്‌ രാഷ്‌ട്രീയംതന്നെയാണ്‌ ഞങ്ങൾ ചർച്ച ചെയ്തതെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തുറന്നുപറച്ചിലും ഇപ്പോഴത്തെ നീക്കത്തിന്റെ കൃത്യമായ ചിത്രം പുറത്തുകൊണ്ടുവന്നു. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും വെട്ടുകയാണ്‌ തരൂരിനെ പിന്നിൽനിന്ന്‌ നയിക്കുന്നവരുടെ ലക്ഷ്യം.    എന്നാൽ, ഇവരോടൊപ്പം ചേരാതെ ഇടഞ്ഞുനിൽക്കുകയാണ്‌ കെ സുധാകരൻ. സുധാകരന്റെ നെഹ്‌റുവിരുദ്ധ വിവാദ പ്രസംഗത്തിനു പിന്നിൽ വി ഡി സതീശന്റെ ക്യാമ്പുണ്ടെന്ന വിവരമാണ്‌ കോൺഗ്രസ്‌ വൃത്തങ്ങളിൽനിന്ന്‌ പുറത്തുവരുന്നത്‌.

തരൂരിന്റേത്‌ വിഭാഗീയത , നിർത്തേണ്ടിടത്ത്‌ 
നിർത്തും : വി ഡി സതീശൻ
ശശി തരൂർ മലബാർ പര്യടനത്തിന്റെ പേരിൽ നടത്തുന്നത്‌ വിഭാഗീയ പ്രവർത്തനമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. വിഭാഗീയതയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌ എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ലെന്നും നിർത്തേണ്ടിടത്ത്‌ നിർത്തുമെന്നും തരൂരിനെയും എം കെ രാഘവനെയും ലക്ഷ്യമിട്ട്‌ സതീശൻ പറഞ്ഞു. തകർന്നു കിടക്കുന്ന കേരളത്തിലെ കോൺഗ്രസിൽ ഇനിയുമൊരു വിഭാഗീയതയ്ക്ക്‌ ഇടമില്ല. പാർടിയെ ദുർബലമാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ല. വിഭാഗീയ പ്രവർത്തനങ്ങളിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ഗൗരവമായി കൈകാര്യംചെയ്യും.

പാർടിക്കകത്ത്‌ നിന്നുകൊണ്ട്‌ സമാന്തരവും വിഭാഗീയവുമായ പ്രവർത്തനം നടത്താൻ ഞങ്ങൾ നേതാക്കളായിരിക്കുന്ന കാലത്ത്‌ അനുവദിക്കില്ല. അവരെ നിർത്തേണ്ടിടത്ത്‌ നിർത്തും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച നേതാക്കളല്ല ഞങ്ങളാരും. അതുകൊണ്ട്‌ ഏതെങ്കിലും സൂചികൊണ്ട്‌ മാധ്യമങ്ങൾ കുത്തിയാൽ പൊട്ടിപ്പോകുന്നവരുമല്ല. ചില മാധ്യമങ്ങൾ വഴി കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ശ്രമമുണ്ട്‌. അതിൽ നേതാക്കൾ ആരെങ്കിലും പങ്കാളികളായിട്ടുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ കഷ്ടപ്പെട്ടാണ്‌ പാർടിയെ തകർച്ചയിൽനിന്നു കരകയറ്റുന്നത്‌. അതിനിടയിൽ ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ലെന്നും തരൂരിന്റെ മലബാർ പര്യടനം സംബന്ധിച്ച ചോദ്യത്തിന്‌ സതീശൻ മറുപടി പറഞ്ഞു.

സതീശന്‌ മറുപടിയുമായി തരൂർ
ഇതുവരെയും ഒരു ഗ്രൂപ്പിന്റെയും ആളായിട്ടില്ലെന്ന്‌ ശശി തരൂർ എംപി. സമാന്തരപ്രവർത്തനം അനുവദിക്കില്ലെന്ന വി ഡി സതീശന്റെ പ്രസ്‌താവനയോട്‌ പെരിന്തൽമണ്ണയിൽ പ്രതികരിക്കുകയായിരുന്നു തരൂർ. ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. കോൺഗ്രസിനെ  ഒറ്റ പാർടിയായാണ്‌ കാണുന്നതെന്നും തരൂർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

മലപ്പുറത്ത്‌  ബഹിഷ്കരണം
കോൺഗ്രസിലും മുസ്ലിംലീഗിലും ഒരുപോലെ അസ്വസ്ഥത സൃഷ്‌ടിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപിയുടെ മലപ്പുറം പര്യടനം. പാണക്കാട്‌ എത്തിയ തരൂരിനെ സ്വീകരിക്കുന്നതിൽനിന്ന്‌ മുസ്ലിംലീഗിലെ ഒരുവിഭാഗം നേതാക്കൾ വിട്ടുനിന്നപ്പോൾ മുൻകൂട്ടി അറിയിച്ചിട്ടും ഡിസിസി ഓഫീസിൽ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ വന്നില്ല.

രാവിലെ എട്ടരയോടെ എം കെ രാഘവൻ എംപിക്കൊപ്പമാണ്‌ ശശി തരൂർ പാണക്കാട്‌ എത്തിയത്‌. മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം, മുനവറലി ശിഹാബ്‌ തങ്ങൾ ,  കെ പി എ മജീദ്‌ എംഎൽഎയും എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. സൗഹൃദ സന്ദർശനമായിരുന്നു എന്ന്‌ ശശി തരൂർ പ്രതികരിച്ചെങ്കിലും രാഷ്‌ട്രീയം ചർച്ചയായെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പ്രസ്‌താവനകളിലുള്ള വിയോജിപ്പുകൾ ഉള്‍പ്പെടെ ലീഗ്‌ നേതാക്കൾ  പങ്കുവച്ചതായാണ്‌ സൂചന. 

ഡിസിസി ഓഫീസിൽ  എത്തിയ തരൂരിനെ  എ പി അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്‌, ആലിപ്പറ്റ ജമീല മറ്റു ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ  ബഹിഷ്‌കരിച്ചു. പെരിന്തൽമണ്ണയിൽ മുസ്ലിംലീഗ്‌ എംഎൽഎ നജീബ്‌ കാന്തപുരം നേതൃത്വം നൽകുന്ന സിവിൽ സർവീസ്‌ അക്കാദമിയിലെ പരിപാടിയിൽ പങ്കെടുത്തശേഷമാണ്‌ മടങ്ങിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top