20 April Saturday

കോൺഗ്രസ്‌ പുനഃസംഘടന : സർവത്ര 
ആശയക്കുഴപ്പം ; ജില്ലാ സമിതികളിൽ തിക്കിത്തിരക്ക്

സ്വന്തം ലേഖകൻUpdated: Saturday Jan 21, 2023


തിരുവനന്തപുരം
കോൺഗ്രസ്‌ പുനഃസംഘടനയുടെ ഭാഗമായി ജില്ലാ സമിതികൾ രൂപീകരിച്ച്‌ ചർച്ച ആരംഭിക്കാൻ കെപിസിസി നിർദേശം നൽകിയെങ്കിലും ആശയക്കുഴപ്പം തുടരുന്നു. കെപിസിസി നിർദേശം മറികടന്ന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക പുനഃസംഘടനാസമിതി രൂപീകരിച്ചെങ്കിലും അംഗീകാരം നൽകിയിട്ടില്ല. ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമിതികളിലേക്കുവരെ വൻ തള്ളാണെന്നതിനാൽ പട്ടിക രൂപീകരിക്കാൻ ‘യുദ്ധം’ വേണ്ടിവരുമെന്നാണ്‌ ഡിസിസി നേതൃത്വം പറയുന്നത്‌. അഞ്ചുവർഷമായവരെ നീക്കാനുള്ള ആദ്യ തീരുമാനം എതിർപ്പിനെത്തുടർന്ന്‌ ഉപേക്ഷിച്ചു.

പരിചയ സമ്പന്നരെ നിലനിർത്തണമെന്ന്‌ ധാരണയായയെങ്കിലും ആരെയൊക്കെ, എത്ര എണ്ണംവരെയാകാം തുടങ്ങിയ കാര്യങ്ങളിൽ തർക്കമുണ്ട്‌. ജില്ലാ സമിതിയാണ്‌ പട്ടിക തയ്യാറാക്കേണ്ടതെന്ന്‌ സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, ഡിസിസി, ബ്ലോക്ക്‌, മണ്ഡലം അധ്യക്ഷന്മാരടക്കമുള്ള ഭാരവാഹികളെ ഒറ്റ സമിതിതന്നെ തീരുമാനിക്കുന്നതിലെ പ്രായോഗികതയാണ്‌ പല കമ്മിറ്റികളും ചോദ്യം ചെയ്യുന്നത്‌. തിരുവനന്തപുരത്ത്‌ ഡിസിസി അധ്യക്ഷൻ പാലോട്‌ രവി രൂപീകരിച്ച മാതൃകയിൽ രണ്ടു തട്ടിൽ പുനഃസംഘടനാ സമിതികൾ വേണമെന്നാണ്‌ അഭിപ്രായം.

മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരനും സംഘടനാ ചുമതലയുള്ള ഭാരവാഹികളും ശനിയാഴ്‌ച ചർച്ച ചെയ്തു. പരിചയസമ്പന്നരെ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം സമിതികൾക്ക്‌ നൽകും. ഡിസിസിമുതൽ മണ്ഡലം കമ്മിറ്റിവരെയുള്ള പുനഃസംഘടനയ്ക്കിടയിൽ ബൂത്ത്‌ കമ്മിറ്റികൾ രൂപീകരിക്കാനുള്ള നിർദേശം ഇറങ്ങിയതും താഴേത്തട്ടിൽ കടുത്ത ആശയക്കുഴപ്പമുണ്ടാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top