തിരുവനന്തപുരം > ഇടതുപക്ഷ വനിതാ നേതാക്കൾക്കും സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ കോൺഗ്രസിന്റെ സൈബർ ആക്രമണം. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്‌തുള്ള പോസ്റ്റുകൾ. നിരവധി കോൺഗ്രസ് അനുകൂല ഹാൻഡിലുകൾ ഈ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് . വാട്‌സാപ് ഗ്രൂപ്പുകൾ മുഖേനയും ലൈംഗികച്ചുവയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട്ടെ ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ നേതാവിന്റെ ചിത്രമുപയോഗിച്ചായിരുന്നു ലൈംഗികച്ചുവയോടെയുള്ള പോസ്റ്റ്. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ എ കെ ജി സെന്ററിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പോസ്റ്റ്. ഒപ്പം ഒരു വ്യാജ ഫോട്ടോയും ചേർത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും എ എ റഹിം എംപിയുടെയും ഭാര്യമാർക്കെതിരായും പേജിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തി. അന്തരിച്ച യുവജന നേതാവായിരുന്ന പി ബിജുവിന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയും ലൈംഗിക പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. യുവജന, മഹിളാ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കെതിരെയും രൂക്ഷമായ സൈബർ ആക്രമണമാണ് ഫേക്ക് ഐഡികൾ ഉപയോഗിച്ച് നടക്കുന്നത്.
തനിക്കും മറ്റ് സ്ത്രീകൾക്കുമെതിരെ ലൈംഗികാതിക്രമം നടത്താൻ ആഹ്വാനം ചെയ്‌തുള്ള ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെയും പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ബിജുവിന്റെ ഭാര്യ ഹർഷ സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അമൃത റഹിം തിരുവനന്തപുരം സിറ്റി പൊലീസ് മേധാവിക്കും ഡിസിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..