05 July Tuesday
നിരാശയിൽ നേതൃത്വം

ചിന്തൻശിബിരം : നിർദേശങ്ങൾ 
നടപ്പാക്കുമെന്നത്‌ കബളിപ്പിക്കാൻ ; അടിത്തറ എങ്ങനെ ശക്തിപ്പെടുമെന്ന ചോദ്യം അവശേഷിക്കുന്നു

കെ ശ്രീകണ്‌ഠൻUpdated: Tuesday May 17, 2022തിരുവനന്തപുരം  
ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങൾക്കോ നയസമീപനങ്ങൾക്കോ രൂപം നൽകാതെയും നേതൃത്വത്തിലേക്ക്‌ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു പേര്‌ ചർച്ചചെയ്യാതെയുമാണ്‌  കോൺഗ്രസിന്റെ ചിന്തൻശിബിരം സമാപിച്ചത്‌. മൃദുവർഗീയതയിൽനിന്ന്‌ വിമുക്തരാകുമെന്ന പ്രഖ്യാപനത്തിന്‌ രാജ്യം ചെവിയോർത്തെങ്കിലും അതിലും നിരാശയായിരുന്നു ഫലം. വിലക്കയറ്റം, സാമൂഹ്യനീതി, ഉദാരവൽക്കരണ സാമ്പത്തികനയം എന്നിവയ്ക്കെതിരെ ശക്തമായ പ്രമേയംപോലും പാസാക്കിയില്ല. അച്ചടക്കരാഹിത്യവും നേതാക്കൾക്കിടയിലെ വിഴുപ്പലക്കലും അവസാനിപ്പിച്ചാൽ തിരിച്ചുവരാമെന്ന സോണിയ ഗാന്ധിയുടെ ആത്മവിശ്വാസം മാത്രമാണ്‌ ഉണ്ടായത്‌. ശക്തമായ നയങ്ങളും പരിപാടികളും ഇല്ലാതെ അടിത്തറ എങ്ങനെ ശക്തിപ്പെടുമെന്ന ചോദ്യം അവശേഷിക്കുന്നു. ഉദയ്‌പുരിൽ ഉണ്ടുറങ്ങിയും വണ്ടിയോടിച്ചും ഉല്ലസിച്ചത്‌ മിച്ചമെന്നാണ്‌ പലരും രഹസ്യമായി പറയുന്നത്‌.

ഇതിലെല്ലാമുള്ള നിരാശ മറച്ചുവച്ചാണ്‌ ചിന്തൻശിബിര നിർദേശങ്ങൾ നടപ്പാക്കുമെന്ന കെപിസിസി നേതൃത്വത്തിന്റെ വാദം. തങ്ങളുടെ നിർദേശങ്ങൾ ഏറെയും ഉൾക്കൊണ്ടുവെന്ന്‌ വാദിക്കുന്ന നേതൃത്വത്തിനോട്‌ എന്ത്‌ നിർദേശമാണ്‌ ചിന്തൻശിബിരം മുന്നോട്ടുവച്ചതെന്ന്‌ കടുപ്പിച്ച്‌ ചോദിച്ചാൽ കുഴങ്ങും. രാഹുലിന്റെ ഭാരതയാത്ര ആശയവും കേരളത്തിൽനിന്ന്‌ പോയവരുടെ അക്കൗണ്ടിലാണത്രേ.

രാഹുൽ നേതൃത്വം ഏറ്റെടുക്കണമെന്ന്‌ പലരും മുറവിളി കൂട്ടിയെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. രാഹുൽ വീണ്ടും പ്രസിഡന്റാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ട രാഹുലിനെ നേതൃത്വത്തിൽ അവരോധിക്കുന്നതിനെ എതിർക്കുന്നവർ ഏറെ. ഇതിനെ ചുറ്റിപ്പറ്റി ചില പേരുകൾ കേന്ദ്രീകരിച്ച്‌ രഹസ്യനീക്കം അരങ്ങേറിയതും തുടക്കത്തിലേ പാളി. ഒടുവിൽ രാഹുൽ അല്ലാതെ മറ്റാരുമില്ലെന്ന ‘ഭൂരിപക്ഷ’ നിലപാട്‌ അംഗീകരിച്ചു.

70 കഴിഞ്ഞവരെ സംഘടനാ ചുമതലയിൽനിന്ന്‌ ഒഴിവാക്കുമെന്നും ഒരാൾക്ക്‌ ഒരു പദവി നടപ്പാക്കുമെന്നുമാണ്‌ കേരള നേതൃത്വം പറയുന്നത്‌. 75 പിന്നിട്ട കെ സുധാകരനാണ്‌ കെപിസിസി  പ്രസിഡന്റ്‌.  തീരുമാനം കർശനമാക്കിയാൽ ലോക്‌സഭാംഗമായ സുധാകരൻ ഏത്‌പദവി ഒഴിയുമെന്നതും കാത്തിരുന്ന്‌ കാണണം. ഭാരവാഹികളിൽ പകുതി അമ്പത്‌ വയസ്സിന്‌ താഴെയുള്ളവരാകണമെന്നായാൽ നിലവിലെ ഭാരവാഹികളിൽ ഏറിയപങ്കിനും ഇന്ദിരാഭവൻ ഒഴിയേണ്ടിവരും. പ്രായപരിധി 65 ആക്കണമെന്ന ആവശ്യം പ്രവർത്തകസമിതി തള്ളിയത്‌ കേരളത്തിലുള്ളവർക്ക്‌ ആശ്വാസമായി. ദളിത്‌, പിന്നാക്ക വിഭാഗങ്ങൾ, പട്ടികവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം നൽകണമെന്ന കോൺഗ്രസ്‌ ഭരണഘടനാ വ്യവസ്ഥപോലും ഇതുവരെ പാലിച്ചിട്ടില്ല.  കുടുംബത്തിലെ ഒരാൾക്ക്‌ മാത്രം ടിക്കറ്റ്‌, രണ്ടാമത്തെ ആൾ അഞ്ചുവർഷം പ്രവർത്തിച്ചാലേ അർഹതയുണ്ടാകൂവെന്നതും രസകരമാണ്‌. ഈ നിർദേശം മുഖവിലയ്‌ക്കെടുത്താൽ തൃക്കാക്കരയിലെ കോൺഗ്രസ്‌ സ്ഥാനാർഥിത്വത്തിനെതിരെ ചോദ്യമുയരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top