20 April Saturday

ചിന്തൻ ശിബിരം പണിയായി പ്രായ‘പരിധി’വിട്ട്‌ നേതാക്കൾ

പ്രത്യേക ലേഖകൻUpdated: Monday May 16, 2022

തിരുവനന്തപുരം> മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കർശനമാക്കണമെന്ന ചിന്തൻ ശിബിർ സന്ദേശം യാഥാർഥ്യമായാൽ കേരളത്തിലെ ഒട്ടനവധി കോൺഗ്രസ്‌ നേതാക്കൾക്ക്‌ ‘രാഷ്‌ട്രീയ വനവാസ’മാകും. ഭാരവാഹികളിലും സ്ഥാനാർഥികളിലും 50 ശതമാനം യുവപ്രാതിനിധ്യമെന്ന നിബന്ധനയുണ്ട്‌. 65 വയസ്സിന്‌ മുകളിലുള്ളവർ ഭാരവാഹികളാകുന്നതും മത്സരിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ്‌ ധാരണ. ഇക്കാര്യം നിബന്ധനയായി എഴുതിച്ചേർക്കുന്നത്‌ തടയാൻ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്ക്‌ കഴിഞ്ഞുവെന്നാണ്‌ ഉദയ്‌പുരിൽ നിന്നുള്ള വിവരം

മുമ്പും പല പ്രായപരിധി നിബന്ധനകൾ ഏർപ്പെടുത്തിയ പാർടിയാണ്‌ കോൺഗ്രസ്‌. എന്നാൽ, ഇവയെല്ലാം ചിലർക്കുമാത്രമേ ബാധകമാകാറുള്ളൂവെന്നാണ്‌ സംസ്ഥാനത്തെ ചില നേതാക്കൾ പറയുന്നത്‌. കെ സുധാകരൻ–- വി ഡി സതീശൻ അച്ചുതണ്ടിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ കലാപക്കൊടി ഉയർത്തിയ കോൺഗ്രസ്‌ നേതാവ്‌  കെ വി തോമസിന്റെ ആരോപണങ്ങൾക്ക്‌ ഇപ്പോൾ പ്രസക്തിയേറി. ചിലർക്ക്‌ മത്സരിക്കാൻ പ്രായപരിധി പ്രശ്‌നമല്ല, വിരോധംമൂലം പ്രായപരിധി മറയാക്കി തന്നെ മാറ്റിനിർത്തിയതാണെന്ന്‌ അദ്ദേഹം ആരോപിച്ചിരുന്നു.

2016ൽ ഡിസിസി അധ്യക്ഷന്മാർക്ക്‌ 60 വയസ്സ്‌ പരിധി നിശ്ചയിച്ച്‌ ഹൈക്കമാൻഡ്‌ നിർദേശം നൽകിയെങ്കിലും കെപിസിസി കുറുക്കുവഴികളിലൂടെ അത്‌ ലംഘിച്ചു. കെ സുധാകരനും വി ഡി സതീശനും പ്രായപരിധി നിബന്ധനകൾ കൊട്ടിഘോഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ അവയെല്ലാം കാറ്റിൽപ്പറത്തി. തിരുവനന്തപുരം, വയനാട്‌ അടക്കം ഡിസിസികളുടെയും കെപിസിസി ഭാരവാഹികളുടെയും കാര്യത്തിലും പ്രായപരിധി നിബന്ധന പാലിച്ചില്ലെന്ന്‌ പഴയ ഐ ഗ്രൂപ്പ്‌ നേതാവ്‌ പറഞ്ഞു. പ്രായപരിധിയും പ്രവർത്തനമികവും പരിശോധിച്ചാൽ കെപിസിസിയിലും ഡിസിസികളിലും കമ്മിറ്റി അംഗങ്ങളായിരിക്കുന്നവരിൽ നല്ലൊരു ശതമാനം പുറത്തുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top