25 April Thursday
അന്തിമ പട്ടികയിൽ ഇടപെട്ട്‌ വേണുഗോപാലും

കോണ്‍​ഗ്രസില്‍ പൊട്ടിത്തെറി, രാജി ; 196 ബ്ലോക്ക്‌ അധ്യക്ഷരായി, 
3 ജില്ലയിൽ തർക്കം

പ്രത്യേക ലേഖകൻUpdated: Sunday Jun 4, 2023


തിരുവനന്തപുരം
രൂക്ഷമായ തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലൊഴികെ കോൺഗ്രസ്‌ ബ്ലോക്ക്‌ അധ്യക്ഷരെ പ്രഖ്യാപിച്ചു. വെള്ളി രാത്രിയാണ്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പട്ടിക പുറത്തുവിട്ടത്‌. തുടർന്ന്‌ അർധരാത്രി കോൺഗ്രസിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പട്ടിക പ്രസിദ്ധീകരിച്ചു.  285 ബ്ലോക്കിൽ 196 എണ്ണത്തിലാണ്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌.

പട്ടിക പുറത്തുവന്നയുടനെ പൊട്ടിത്തെറികളും ആരംഭിച്ചു. വേണ്ടെന്ന്‌ താൻ പറഞ്ഞയാളെ പ്രസിഡന്റാക്കിയെന്ന്‌ കെ മുരളീധരൻ പറഞ്ഞു. തൃശൂരിൽ ഡിസിസി സെക്രട്ടറി കെ അജിത്‌കുമാർ പാർടിയിൽനിന്ന്‌ രാജിവച്ചു. കെ സുധാകരന്റെ അനുയായി ജയദീപിനെ വടക്കാഞ്ചേരി ബ്ലോക്ക്‌ അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചാണ്‌ രാജി. രണ്ടുവർഷത്തെ കാത്തിരിപ്പിനും 15 ദിവസത്തെ മാരത്തൺ ചർച്ചകൾക്കുമൊടുവിലാണ്‌ 11 ജില്ലയിലെ പട്ടികയ്ക്ക്‌ അന്തിമരൂപം നൽകിയത്‌. അവസാന പട്ടികയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ട്‌ മാറ്റം വരുത്തിയെന്നും അർഹരായ പലരെയും ഒഴിവാക്കിയെന്നും എ, ഐ നേതാക്കൾ പറയുന്നു. 

പത്തനംതിട്ടയിലും വൻ പ്രതിഷേധമുയർന്നു. തിരുവല്ലയിൽ പി ജെ കുര്യന്റെ അനുയായി ഈപ്പൻ കുര്യനെയും ആറന്മുളയിൽ നേതാവിന്റെ അനന്തരവൻ എ ശിവപ്രസാദിനെയും പ്രസിഡന്റാക്കിയതിൽ വിവിധ ഗ്രൂപ്പുകൾ പ്രതിഷേധത്തിലാണ്‌. കോൺഗ്രസ്‌ നേതാവ്‌ ഹനീഫയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ കുടുംബം ആരോപിച്ചിട്ടുള്ള ഗോപപ്രതാപനെ പ്രസിഡന്റാക്കിയതിൽ ഗുരുവായൂരിലും പ്രതിഷേധമുണ്ട്‌. കടുത്ത മോദി ഭക്തനാണ്‌ ഇയാളെന്നും കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു. തിരുവനന്തപുരത്ത്‌ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി ചിലർക്കായി നിർബന്ധം പിടിച്ചതും കോട്ടയത്ത്‌ അന്തിമ ഘട്ടത്തിൽ എ ഗ്രൂപ്പ്‌ ഉടക്കിയതുമാണ്‌ പട്ടിക പൂർത്തിയാക്കാൻ തടസ്സമായതെന്ന്‌ പറയുന്നു. പാലക്കാട്‌ രണ്ടും തൃശൂരിൽ ഒന്നും ബ്ലോക്കിൽ തീരുമാനമായിട്ടില്ല.

പുറത്തുവിടാൻ 
ദുരന്തം മറയാക്കി
മാരത്തൺ ചർച്ചകൾക്കുശേഷം തീരുമാനമായ 196 കോൺഗ്രസ്‌ ബ്ലോക്ക്‌ അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചത്‌ ഒഡിഷ ട്രെയിൻ ദുരന്തവാർത്ത പുറത്തുവന്നതിനു പിന്നാലെ. വൻ പ്രതിഷേധമുണ്ടാകുമെന്നും മാധ്യമങ്ങളിൽ വാർത്ത നിറയുമെന്നും അറിയാവുന്ന നേതൃത്വം തന്ത്രപൂർവം ട്രെയിൻ ദുരന്തസമയം തെരഞ്ഞെടുക്കുകയായിരുന്നു. കെപിസിസി ഉപസമിതി പത്തിലേറെ ദിവസമായും കെ സുധാകരനും വി ഡി സതീശനുമടക്കമുള്ളവർ അഞ്ചുദിവസമായും തിരക്കിട്ട കരുനീക്കങ്ങൾ നടത്തിയിരുന്നു. മെയ്‌ 31 ന്‌ പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥാനത്ത്‌ തുടരില്ലെന്ന്‌ കെ സുധാകരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top