20 April Saturday

കൊപ്പത്തിന്‌ പിന്നാലെ 
മുതലമടയിലും സഖ്യം; പാലക്കാട്‌ കോൺഗ്രസ്‌ - ബിജെപി ബന്ധം മറയില്ലാതെ

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023
പാലക്കാട്‌ > ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ്‌ മുതലമട പഞ്ചായത്തിൽ സിപിഐ എം പ്രതിനിധികളെ പുറത്താക്കാൻ ഒരുമിച്ചതിനുപിന്നിൽ. ഇത്‌ ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം പട്ടാമ്പിയിലെ കൊപ്പം പഞ്ചായത്തിലും സിപിഐ എം പ്രതിനിധിയായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ചു.
 
അവിടെ 17 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിനും യുഡിഎഫിനും എട്ട്‌ വീതം സീറ്റും ഒരെണ്ണം ബിജെപിക്കുമാണ്‌. നറുക്കെടുപ്പിലൂടെയാണ്‌ സിപിഐ എമ്മിലെ ടി ഉണ്ണിക്കൃഷ്‌ണൻ പ്രസിഡന്റായത്‌. യുഡിഎഫിലെ പുണ്യ സതീഷ്‌ വൈസ്‌ പ്രസിഡന്റുമായി. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രസിഡന്റിനെതിരെ കോൺഗ്രസ്‌ അവിശ്വാസം കൊണ്ടുവന്ന്‌, ഏക ബിജെപി അംഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റിനെ പുറത്താക്കി. ഇപ്പോൾ ലീഗിലെ എം സി അബ്ദുൾ അസീസാണ്‌ പ്രസിഡന്റ്‌.
 
മികച്ച നിലയിൽ ഭരണം നടത്തിയ സിപിഐ എമ്മിനെ പുറത്താക്കാൻ ഇരുപാർടികളും ഒരുമിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസിന്റെ സ്വന്തം പഞ്ചായത്തിൽ കോൺഗ്രസുമായി കൂട്ടുകൂടിയത്‌ ജില്ലാ നേതൃത്തിന്റെ അനുമതിയോടെയായിരുന്നു. ഇതേ കൂട്ടുകെട്ടാണ്‌ മുതലമട പഞ്ചായത്തിലും അരങ്ങേറിയത്‌. ആകെയുള്ള 20 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിന്‌ ഒമ്പതും യുഡിഎഫിന്‌ ആറും ബിജെപിക്ക്‌ മൂന്നും സീറ്റായിരുന്നു. രണ്ട്‌ സ്വതന്ത്രരുമുണ്ട്‌.
 
ഒരു സിപിഐ എം പ്രതിനിധി സർക്കാർ ജോലികിട്ടി രാജിവച്ചതിനെതുടർന്ന്‌ സിപിഐ എം അംഗസംഖ്യ എട്ടായി കുറഞ്ഞു. എന്നാലും എൽഡിഎഫ്‌ ഭരണസമിതിയെ പുറത്താക്കാനുള്ള അംഗസംഖ്യ കോൺഗ്രസിനില്ല. അവിശ്വാസം പാസാകണമെങ്കിൽ ഒമ്പത്‌ അംഗങ്ങൾ വേണം. അതിനാണ്‌ മൂന്നംഗങ്ങളുള്ള ബിജെപിയുടെ പിന്തുണ ഉറപ്പാക്കിയത്‌. ഇതിന്‌ ജില്ലാ നേതൃത്വത്തിന്റെ അറിവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top