26 April Friday

ബിജെപിക്കെതിരെ അവിശ്വാസനോട്ടീസ്‌ നൽകി ; സ്വന്തം വനിതാ കൗൺസിലറെ 
കോൺഗ്രസുകാർ പൂട്ടിയിട്ട്‌ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


മൂവാറ്റുപുഴ  
യുഡിഎഫ്‌ ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കാരിയായ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് വനിതാ കൗൺസിലറെ ഭരണപക്ഷാംഗങ്ങൾ ആക്രമിച്ചു. കോൺഗ്രസുകാരുടെ അക്രമത്തിൽ മുഖത്തും ദേഹത്തും തലയിലും പരിക്കേറ്റ 13–--ാംവാർഡ് കൗൺസിലർ പ്രമീള ഗിരീഷ്‌കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പകൽ ഒന്നോടെ നഗരസഭ തൊഴിലുറപ്പ് ഓഫീസിൽ പൂട്ടിയിട്ടായിരുന്നു മർദനം. കരച്ചിൽ കേട്ട് മറ്റ്‌ കൗൺസിലർമാരും ജീവനക്കാരും എത്തിയപ്പോഴാണ്  നിർത്തിയത്. വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർ ചേർന്നാണ്‌ അക്രമിച്ചത്‌. പ്രമീളയെ ജോയ്സ് പിടിച്ചുനിർത്തിയപ്പോൾ സിനി ബിജു കത്രിക ഉപയോഗിച്ച് മുടി മുറിച്ചു. തടയാൻ ശ്രമിച്ചപ്പോൾ കൈവിരൽ മുറിഞ്ഞു. അവശയായി നിലത്ത് വീണ ഇവരെ പുറത്തേക്ക്‌ തള്ളിയിട്ടു. ഈ സമയം യുഡിഎഫ് കൗൺസിലർ അജി അബ്ദുൾഖാദർ മുണ്ടാട്ട് മുറിക്ക്‌ സമീപമുണ്ടായിരുന്നു.  പ്രമീളയുടെ കരച്ചിൽ കേട്ട്‌ ആളുകൾ കൂടിയപ്പോൾ ഇയാളും സിനി ബിജുവും ജോയ്‌സ്‌ മേരി ആന്റണിയും കാറിൽ സ്ഥലംവിട്ടു. ഇതിനിടെയെത്തിയ ചെയർമാൻ പി പി എൽദോസും ഉടൻ സ്ഥലംവിട്ടു.

പ്രമീളയുടെ മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. മറ്റു കൗൺസിലർമാർ ചേർന്ന് പ്രമീളയെ ആശുപത്രിയിലാക്കി. യുഡിഎഫ് പിന്തുണയോടെ ക്ഷേമകാര്യസമിതി അധ്യക്ഷയായ ബിജെപിയുടെ രാജശ്രീ രാജുവിനെതിരെ പ്രമീള നൽകിയ അവിശ്വാസം ഒന്നിന് പാസായിരുന്നു. ഇതിന്റെ പ്രതികാരമാണ് ആസൂത്രിതമായ മർദനമെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നതായും പ്രമീള പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top