01 December Friday

എല്ലാവർക്കും സൈബർ സുരക്ഷ
 ഉറപ്പാക്കൽ ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


കൊച്ചി
സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സർക്കാർ തയ്യാറെടുക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി ആൻഡ് ഹാക്കിങ്‌ അന്താരാഷ്ട്ര സമ്മേളനം ‘കൊക്കൂണി'ന്റെ 15–-ാംപതിപ്പ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഇന്റർപോളും ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയും പുറത്തുവിട്ട സൈബർ ക്രൈം കണക്കുകൾ അനുസരിച്ച് കുട്ടികളും യുവാക്കളും സൈബർ ലോകത്ത് നിരന്തരഭീഷണിയിലാണ്. സമൂഹമാധ്യമങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും  സൈബർ സുരക്ഷയ്ക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനും കൊക്കൂണിൽ പൊതു–-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം കെട്ടിപ്പടുക്കണം. സൈബർ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്.  എന്നാൽ, സൈബർ സുരക്ഷ സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. അത് ഓരോരുത്തരുടെയുംകൂടിയാണ്. വ്യവസായങ്ങൾക്കും കോടതികൾക്കും സർക്കാരുകൾക്കും സൈബർ സുരക്ഷ ആവശ്യമാണ്. 

ആറുവർഷത്തിനിടെ സംസ്ഥാന സർക്കാർ വികസനത്തിന്റെയും ഡിജിറ്റൈസേഷന്റെയും നവീകരണത്തിന്റെയും ബൃഹത്തായ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്.  മിക്കവാറും എല്ലാ സർക്കാർ സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ഐടി പാർക്കുകൾ വിപുലീകരിക്കുകയാണ്. നിരവധി ബഹുരാഷ്ട്ര ഐടി കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ ഇവിടത്തെ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം രാജ്യത്തെ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളിലൊന്നായി കേരളം വികസിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവ് അധ്യക്ഷനായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി. നാവികസേനാ തലവൻ അഡ്മിറൽ ആർ ഹരികുമാർ വീഡിയോ സന്ദേശത്തിലൂടെ മുഖ്യപ്രഭാഷണം നടത്തി.

ഡിജിപി അനിൽകാന്ത്, എഡിജിപി ഹെഡ്ക്വാർട്ടേഴ്‌സ്‌ കെ പത്മകുമാർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ബച്പൻ ബചാവോ ആന്ദോളൻ സിഇഒ രജ്‌നി സെഖ്രി സിബൽ, ഐസിഎംഇസി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ, ജർമനിയിലെ സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സുരക്ഷാ ഗവേഷക മെറ്റിൽഡെ വെനാൾട്ട്, സൈബർ ഡോം നോഡൽ ഓഫീസർ പി പ്രകാശ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top