25 April Thursday

കിടിലൻ റോഡുകൾ തീരത്തും ; 1802 തീരറോഡ്‌ ഹൈടെക്; 790 കോടി ചെലവ്‌

ജി രാജേഷ്‌കുമാർUpdated: Thursday Dec 3, 2020

തിരൂർ കൂട്ടായി തീരദേശ റോഡ്‌


തിരുവനന്തപുരം
ശാന്തമായ കടലിൽ തോണിതുഴയും പോലെ ഇനി തീരദേശറോഡുകളിലൂടെ യാത്രചെയ്യാം.. ആഴക്കടലിൽ കാറ്റിനോടും തിരമാലകളോടും മല്ലടിക്കുംപോലെ റോഡിലെ കുഴികളോടും വെള്ളക്കെട്ടിനോടും ഇനി പൊരുതേണ്ട. മത്സ്യഗ്രാമങ്ങളിലുണ്ടായ മാറ്റങ്ങളാണ് തീരറോഡുകളിലും പ്രതിഫലിക്കുന്നത്. 789.52 കോടി രൂപ‌ ചെലവിൽ മത്സ്യഗ്രാമ റോഡ്‌ നവീകരണപദ്ധതിയിലൂടെ 1050 കിലോമീറ്ററിലധികം റോഡാണ് നവീകരിക്കുന്നത്. നാലരവർഷത്തിനുള്ളിൽ 1802 തീരദേശ റോഡിന്റെ പുനരുദ്ധാരണം ഫിഷറീസ്‌ വകുപ്പ്‌ ഏറ്റെടുത്തു.  ഒമ്പത്‌ ജില്ലയിലെ 222 മത്സ്യഗ്രാമത്തിനുപുറമെ,  ഉൾനാടൻ മത്സ്യഗ്രാമങ്ങളിലെ റോഡുകളും ഇതിലുൾപ്പെട്ടു.

757 റോഡ്‌ നവീകരിച്ചു. 661ൽ പണി പുരോഗമിക്കുന്നു. 184 ഇടത്ത്‌ ടെൻഡർ പൂർത്തിയാക്കി;  നിർമാണം തുടങ്ങി. 200 റോഡ്‌ ടെൻഡർ നടപടികളിലും. നാനൂറിൽപ്പരം റോഡ്‌ മൂന്നുമാസത്തിനകം പൂർത്തിയാകും.

മുഖം മിനുക്കലല്ല
ഉപരിതലം പുതുക്കലെന്ന പതിവ്‌ അവസാനിപ്പിച്ചു. വെള്ളക്കെട്ടിലെ തകർച്ചയൊഴിവാക്കാൻ റോഡു ഉയർത്തിയും കലുങ്കുകൾ നിർമിച്ചും അതിർത്തി സംരക്ഷിച്ചുമാണ്‌ നിർമാണം. അഞ്ചുലക്ഷംമുതൽ അഞ്ചുകോടി രൂപവരെയാണ്‌ അടങ്കൽ.

വിവേചനമില്ലാതെ
കോൺഗ്രസിലെ ഗ്രൂപ്പുപോരിന്റെ പേരിലും യുഡിഎഫ് സർക്കാർ കാലത്ത്‌ മത്സ്യഗ്രാമങ്ങളെ അവഗണിച്ചിരുന്നു. അന്നത്തെ ഫിഷറീസ്‌ മന്ത്രി കെ ബാബുവിനെതിരെ ഈ ആക്ഷേപമുന്നയിച്ചത്‌ കോൺഗ്രസുകാരനായ വി ഡി സതീശൻ എംഎൽഎയായിരുന്നു. തീരമില്ലാത്ത ബാബുവിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തിന്‌ 50 കോടി നീക്കിവച്ചു. തീരദേശമണ്ഡലമായ പറവൂറിന്‌ കിട്ടിയത്‌ അതിലും കുറവ്. എൽഡിഎഫ് സർക്കാർ ഈ വിവേചനം അവസാനിപ്പിച്ചു; ആവശ്യമുള്ളിടത്ത് നല്ലറോഡുകൾ ഒരുക്കി.

നായനാർ സർക്കാരിൽ മന്ത്രി ടി കെ രാമകൃഷ്‌ണനാണ്‌ മത്സ്യഗ്രാമ റോഡുകൾ ഫിഷറീസ്‌ വകുപ്പ്‌ നവീകരിക്കുന്നതിന് തുടക്കമിട്ടത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിൽ മന്ത്രി എസ്‌ ശർമയും ഇതുപിന്തുടർന്നു. ഈ സർക്കാർ വർഷം 150 കോടി രൂപവീതം മത്സ്യഗ്രാമ റോഡുകൾക്കുമാത്രമായി നീക്കിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top