26 April Friday

തീരം കാണാം, പറപറക്കാം; കൊല്ലത്ത് തീരദേശ ഹൈവേ പദ്ധതിക്ക് വേഗതയേറി

സ്വന്തം ലേഖികUpdated: Tuesday Mar 21, 2023
കൊല്ലം> ജില്ലയിൽ തീരദേശ ഹൈവേ പദ്ധതി അതിവേഗം മുന്നേറുന്നു. ഭൂമി ഏറ്റെടുക്കലിനുള്ള കല്ലിടൽ പുരോഗമിക്കുകയാണ്‌. ആകെ മൂന്ന്‌ സ്‌ട്രെച്ചിലായി 10 കിലോമീറ്ററിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. പൊഴിക്കര, തിരുമുല്ലവാരം എന്നിവിടങ്ങളിൽനിന്ന് വടക്കോട്ടാണ്‌ ഇതുവരെ കല്ലിട്ടത്‌. ജില്ലയിൽ 51 കിലോമീറ്ററാണ്‌ തീരദേശ ഹൈവേ. ഇതിൽ ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള 9.5 കിലോമീറ്റർ ദേശീയപാതയിലൂടെയാണ്‌ ഹൈവേ കടന്നുപോകുന്നത്‌. ശേഷിച്ച 41.5കിലോ മീറ്ററിലാണ്‌ നിർമാണം.
 
ഹൈവേയുടെ വിശദ പ്രോജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കൽ നാറ്റ്‌പാക്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലെ ഡിപിആറാണ്‌ നാറ്റ്‌പാക്ക്‌ നടത്തുന്നത്‌. 2026നു മുമ്പ്‌ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 14 മീറ്റർ വീതിയിലാണ് തീരദേശ പാത നിർമിക്കുന്നത്. പരവൂർ കാപ്പിൽ മുതൽ കരുനാഗപ്പള്ളി അഴീക്കൽ പണിക്കർകടവ് വരെ 51 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ യാഥാർഥ്യമാക്കാൻ 139.59 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌.
 
മൂന്നു റീച്ചായാണ്‌ നിർമാണം. കാപ്പിൽ മുതൽ തങ്കശേരി വരെ നീളുന്ന ഒന്നാമത്തെ റീച്ചിൽ 62.61 ഏക്കറും തങ്കശേരി മുതൽ ശക്തികുളങ്ങര വരെ രണ്ടാമത്തെ റീച്ചിൽ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെ മൂന്നാമത്തെ റീച്ചിൽ 56.98 ഏക്കറുമാണ്‌ ഏറ്റെടുക്കുന്നത്.
 
ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ടവരെയുള്ള ഒമ്പതു  കിലോമീറ്റർ ദേശീയപാത അതോറിറ്റിയും ബാക്കി വരുന്ന 41.5 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡു (കെആർഎഫ്ബി)മാണ് നിർമിക്കുന്നത്. തീരദേശ ഹൈവേ യാഥാർഥ്യമാകുന്നതോടെ ദേശീയപാത 66ലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടിയിൽ അവസാനിക്കുന്ന 623 കിലോമീറ്റർ തീരദേശ ഹൈവേ നിർമാണം ടൂറിസം വികസനംകൂടി ലക്ഷ്യമാക്കുന്നു.
 
സൈക്കിൾ ട്രാക്ക്, വൈദ്യുത വാഹന ചാർജിങ്‌ സ്റ്റേഷന്‍, റസ്റ്റോറന്റ് എന്നിവയും ഉണ്ടാകും. തങ്കശേരി മുതൽ തിരുമുല്ലവാരം വരെയുള്ള കടൽപ്പാലവും തീരദേശ ഹൈവേയെ അതിമനോഹരമാക്കും. ഓരോ 50 കിലോമീറ്റർ ഇടവിട്ട്‌ ആകെ 12 ഇടത്ത്‌ പ്രത്യേക ടൂറിസം കേന്ദ്രങ്ങളും സജ്ജമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top