26 April Friday

വൈദ്യുതി സർചാർജ്‌ വർധന ; പിന്നിൽ കൽക്കരി 
വിലയും

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Thursday Jun 1, 2023


കൊച്ചി
വൈദ്യുതി സർചാർജ്‌ വർധനയ്‌ക്ക് പിന്നിലെ വില്ലനായി കൽക്കരി ഉൽപ്പാദനത്തിലെ കേന്ദ്ര സർക്കാർ വീഴ്‌ചയും. വർധിക്കുന്ന വൈദ്യുതി ആവശ്യത്തിന്‌ അനുസരിച്ച്‌ കൽക്കരി ഉൽപ്പാദിപ്പിക്കാൻ മോദിസർക്കാർ തയ്യാറായില്ല. പകരം വിദേശത്തുനിന്ന്‌ കൂടിയ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്യുകയായിരുന്നു. കൂടിയ വിലയ്‌ക്ക്‌ വാങ്ങിയ കൽക്കരി ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തിയ കമ്പനികൾ  കെഎസ്‌ഇബിയടക്കമുള്ള സ്ഥാപനങ്ങൾക്ക്‌ വൈദ്യുതി വിറ്റത്‌ ഉയർന്ന നിരക്കിലാണ്. ഈ അധികബാധ്യത നികത്താൻ 9, 10 പൈസ നിരക്കിൽ സർചാർജ്‌ ഈടാക്കാൻ കമ്പനികൾ നിർബന്ധിതരാകുകയാണ്‌. രാജ്യത്തെ കൽക്കരിനിലയങ്ങളുടെ ആകെയുള്ള വൈദ്യുതി ഉൽപ്പാദനശേഷി 2.10 ലക്ഷം മെഗാവാട്ടാണ്‌. ഇവ പ്രവർത്തിക്കാൻ 800 മുതൽ 900 ദശലക്ഷം ടൺവരെ കൽക്കരി വേണം. പുതിയ കൽക്കരി ഖനികൾ ആരംഭിക്കാൻ തയ്യാറാകാതിരുന്ന മോദിസർക്കാർ നിലവിലുള്ളവ കോർപറേറ്റുകൾക്ക്‌ വിട്ടുനൽകി. ഇതോടെ 150–-175 ദശലക്ഷം ടൺ കൽക്കരിയുടെ കുറവ്‌ വൈദ്യുതി ഉൽപ്പാദക കമ്പനികൾ നേരിട്ടു. ഇത്‌ നികത്താനാണ്‌ വിദേശത്തുനിന്ന്‌ കൽക്കരി ഇറക്കിയത്‌.

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന കൽക്കരിക്ക്‌ നികുതികളും ചരക്കുകൂലിയും ഉൾപ്പെടുത്തിയുള്ള ശരാശരി വില ടണ്ണിന്‌ 1600 മുതൽ 4000 രൂപവരെയാണ്‌. വിദേശിക്ക്‌ 17,000 മുതൽ 18,000 വരെയും. തെലങ്കാനയിലെ രാമഗുണ്ടം താപനിലയത്തിൽ 18 ശതമാനം കൽക്കരി ഇറക്കുമതി ചെയ്‌ത് ഉൽപ്പാദിപ്പിച്ചപ്പോൾ വൈദ്യുതിയുടെ ശരാശരി യൂണിറ്റ് വിലയേക്കാൾ 1.63 രൂപ കൂടി. ആന്ധ്രയിലെ സിംഹാദ്രിയിൽ 21 ശതമാനം ഇറക്കുമതി, വർധന 1.706 രൂപ, കർണാടകത്തിലെ കുഡ്‌ഗി നിലയത്തിൽ 28 ശതമാനം ഇറക്കുമതി, വർധന 1.79, ഒഡിഷയിലെ താൽച്ചർ നിലയത്തിൽ 11 ശതമാനം ഇറക്കുമതി, വർധന  1.191 . കെഎസ്‌ഇബി വൈദ്യുതി വാങ്ങുന്ന നിലയങ്ങളാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top