20 April Saturday

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രീകൃത മൂലധന ഗൂഢാലോചന: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

പയ്യോളി > കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രീകൃതമായ മൂലധന ശക്തികളുടെ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റ സമാപന സമ്മേളനം ഇരിങ്ങൽ സർഗാലയയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണമേഖലയെ ഇല്ലാതാക്കുന്ന പ്രവണതയെ ഒറ്റക്കെട്ടായി എതിർത്ത്‌ തോൽപ്പിക്കണം.  സ്വകാര്യ മേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാൻ സഹകരണ മേഖല ശക്തമായി നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്‌. സഹകരണ മേഖലയെ കുറ്റമറ്റ രീതിയിൽ മുന്നോട്ടു നയിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സഹകരണ നിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്താൻ  കരട് തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് സെലക്ട് കമ്മറ്റിക്കു വിടും. ബാങ്ക് ഡയറക്ടർമാർ വിവര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടേണ്ടതുണ്ട്. ഇതിനായി  പരിശീലനം നൽകും.

സഹകരണ ബാങ്കുകളുടെ ഓഡിറ്റിങ്ങിനായി കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ മേൽനോട്ടത്തിൽ ഒരു ഗ്രൂപ്പിനെ നിയമിക്കും. ഓഡിറ്റ് വിവരങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. ആശാവഹമായ മുന്നേറ്റമാണ് കേരള ബാങ്ക്  ഒരു വർഷത്തിനിടെ നടത്തിയത്. 61.99 കോടി രൂപ ലാഭമുണ്ടാക്കാൻ ബാങ്കിനായി.  എൻഇഎഫ്ടി, ആർടിജിഎസ്, ഇന്റർനെറ്റ് ബാങ്കിങ്‌ സൗകര്യങ്ങൾ എന്നിവ താമസിയാതെ കേരള ബാങ്ക്‌ വഴി ലഭ്യമാക്കും. എൻആർഐ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  

സഹകരണ വാരാഘോഷം സമാപിച്ചു

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റ സമാപനം -മന്ത്രി വി എൻ വാസവൻ  ഉദ്‌ഘാടനം ചെയ്‌തു.  കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. വിവിധ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള സഹകരണ അവാർഡുകൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്‌തു‌. സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് പതാകയുയർത്തിയതോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്‌. നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, കേരള ബാങ്ക് ഡയറക്‌ടർ ഇ  രമേശ് ബാബു, കേരള ബാങ്ക് റീജണൽ മാനേജർ അബ്ദുൾ മുജീബ്, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് യൂണിയൻഅംഗം കെ കെ നാരായണൻഎന്നിവർസംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ അനിത ടി ബാലൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top