20 April Saturday

പ്രതിപക്ഷ നിലപാട്‌ നിലവാരമില്ലാത്തത്‌: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന 
പ്രദർശനത്തിൽ കൃഷിവകുപ്പിന്റെ സ്റ്റാളിൽ ചിത്രം എടുക്കുന്ന കുട്ടികൾ / ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി> കണ്ണടച്ച്‌ എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട്‌ നാടിന്റെ നിലവാരത്തിന്‌ ചേരാത്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്ക്‌. അതാണ്‌ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷവും സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക പരിപാടിയും പ്രതിപക്ഷം  ബഹിഷ്‌കരിച്ചത്‌. രണ്ടാം വാർഷികത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിൽ ഒന്നും നടക്കരുതെന്ന ചിന്തയാണ്‌ പ്രതിപക്ഷത്തിന്‌. വികസന പദ്ധതികൾ നല്ലരീതിയിൽ നടപ്പാകുന്നതിൽ അവർ അസ്വസ്ഥരാണ്‌. യുഡിഎഫ്‌ ഭരണകാലം പോലെയാകണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അഴിമതി കൊടികുത്തിവാണ അക്കാലം അവസാനിച്ചതിന്റെ അസ്വസ്ഥതയാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. നാട്‌ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴും ഇടുങ്ങിയ മനസ്സിന്റെ വക്താക്കളായി വ്യത്യസ്‌ത നിലപാടെടുത്തു. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും ഉദ്‌ഘാടനമാണ്‌ ഇനി വരാൻപോകുന്നത്‌.  തങ്ങളുടെ മണ്ഡലത്തിൽ വികസനം വേണ്ടെന്ന്‌ ഇവർ പറയുമോ. വികസനത്തിൽ യുഡിഎഫ്‌ എംഎൽഎമാരെ അവഗണിച്ചെന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല. 

എന്നാൽ കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികളോട്‌ ഇവർക്ക്‌ മൗനമാണ്‌. നാട്‌ തകർന്നാലും ജനം വിഷമിച്ചാലും അതിൽ സന്തോഷിക്കുന്ന മനസ്ഥിതി. കേരളത്തോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്‌ദിക്കാൻപോലും യുഡിഎഫിന്റെ പാർലമെന്റ്‌ അംഗങ്ങൾ തയ്യാറല്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും 60,000 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനുള്ളിൽ കിഫ്‌ബിവഴി നടപ്പാക്കാനാണ്‌ തീരുമാനം. അതിൽ 18,000 കോടിയുടെ പദ്ധതിക്ക്‌ തുടക്കമിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top