20 April Saturday

സാർവത്രിക ഭക്ഷ്യഭദ്രത ലക്ഷ്യം: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Monday Jan 16, 2023

തിരുവനന്തപുരം> സമൂഹത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്‌തുമാത്രമെ ഭക്ഷ്യഭദ്രത ഉറപ്പാക്കാനാകൂ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമീഷൻ സംഘടിപ്പിക്കുന്ന 'കുട്ടികളിലെ പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും' ദ്വിദിന ദേശീയ സെമിനാർ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   
 
ശിശുസൗഹൃദ കേരളം സൃഷ്‌‌ടിക്കുക സുപ്രധാന കടമയായാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. അവർക്ക്‌ പോഷകാഹാര ലഭ്യത ഉറപ്പാക്കാൻ 'പോഷകബാല്യം പദ്ധതി' സംസ്ഥാനത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. പാലും മുട്ടയും അടക്കം നൽകുന്നു. ബജറ്റിൽ 62 കോടിയോളം രൂപയാണ്‌ പദ്ധതിക്കായി വകയിരുത്തിയത്‌. കോവിഡ്‌ കാലത്ത്‌ പോഷകാഹാരത്തിന്റെ ആവശ്യകത എല്ലാവരും മനസിലാക്കിയതാണ്‌. കുട്ടികളുടെ നമ്മുടെ ഭാവിവാഗ്ദാനങ്ങളാണ്‌. അവരുടെ ആരോഗ്യം ഉറപ്പാക്കാൻ സംയോജിത ശിശുവികസന പദ്ധതി, അനപൂരക പദ്ധതി പോലെയുള്ളവയും കേരളം നടപ്പാക്കുന്നുണ്ട്‌. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 14വയസുവരെയുള്ള കുട്ടികൾക്ക്‌ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിൽ കേരളം മറ്റ്‌ ഏത്‌ സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ ആറര വർഷത്തിൽ പതിനായിരം കോടിയോളം രൂപയാണ്‌ സംസ്ഥാന സർക്കാർ ചെലവഴിച്ചത്‌. വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ സംസ്ഥാനമായി മാറാൻ കേരളത്തെ ഇത്‌ സഹായിച്ചു. ഭക്ഷ്യഭദ്രത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പ്രവർത്തനങ്ങളെല്ലാം. പൊതുവിപണിയിൽ  ഇടപെടലുകൾ നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിനായിട്ടുണ്ട്‌. പോഷകാഹാരം ലഭ്യമാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം. ഇത്‌ ശക്തിപ്പെടുത്താനുള്ള ഇടപെടലാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. പുതിയ മാവേലി സ്‌റ്റോറുകൾ തുറക്കുക, ഉത്സവകാലങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കുക, 13ഇന അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുക പോലെയുള്ള കാര്യക്ഷമമായ ഇടപെടലുകളാണ്‌ സംസ്ഥാന സർക്കരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌–-അദ്ദേഹം പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top