19 April Friday

സിവില്‍ സര്‍വീസ് പരീക്ഷാഫലം അഭിമാനകരം; വിജയികൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

തിരുവനന്തപുരം > സിവിൽ സർവീസ്‌ പരീക്ഷയിൽ വിജയികളായ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം സംസ്ഥാനത്തിന് ഏറെ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യ 100 റാങ്കുകളില്‍ പത്തിലേറെ മലയാളികളാണ് സ്ഥാനം പിടിച്ചത്.

മലയാളികളായ 42 ഓളം മത്സരാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി. ആറാം റാങ്ക്‌ നേടിയ തൃശൂര്‍ സ്വദേശിനി കെ മീര രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. വടകര സ്വദേശി മിഥുന്‍ പ്രേംരാജ് 12ാം റാങ്കും മുംബൈ മലയാളി കരിഷ്‌മ നായര്‍ 14ാം റാങ്കും നേടി. പി ശ്രീജ, അപര്‍ണ രമേശ്, അശ്വതി ജിജി, നിഷ, വീണ എസ് സുധന്‍, അപര്‍ണ എം ബി, പ്രസന്നകുമാര്‍ എന്നിവരാണ് ആദ്യ 100 റാങ്കിനുള്ളില്‍ യോഗ്യത നേടിയ മറ്റുള്ളവര്‍.

മലയാളം ഐച്ഛിക വിഷയമായെടുത്ത്, മലയാളത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയ തിരുവനന്തപുരം കരിക്കകം സ്വദേശിനി എസ് അശ്വതിയുടെ വിജയം സംസ്ഥാനത്തിന്റെ സവിശേഷ നേട്ടമായി. 481ാം റാങ്കാണ് അശ്വതി നേടിയത്. നിര്‍മാണത്തൊഴിലാളിയായ പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളാണ് അശ്വതി.

256ാം റാങ്ക് നേടിയ എ എല്‍ രേഷ്‌മ‌ പ്ലസ്‌ടു വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സര്‍ക്കാര്‍ സ്‌കൂളിലാണെന്ന പ്രത്യേകതകൊണ്ട് ശ്രദ്ധനേടി. കാഴ്‌‌ച‌പരിമിതി മറികടന്ന് കഴിഞ്ഞ വര്‍ഷം 804ാം റാങ്ക്‌ നേടിയ എസ് ഗോകുല്‍ ഇത്തവണ 357ാം സ്ഥാനത്തെത്തിയതും ഏറെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷയില്‍ വിജയം നേടിയ എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നാടിന്റെ നന്മയ്‌ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top